d

ന്യൂഡൽഹി: ഹരിയാനയിലെ സിർസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദേരാ സച്ചാ സൗധ സംഘടനയുടെ മേധാവിയും വിവാദ ആൾദൈവവുമായ ഗുർമീത് റാം റഹീം സിംഗിനെ ആശ്രമം മാനേജരെ കൊലപ്പെടുത്തിയ കേസിൽ വെറുതെ വിട്ടു. നാലു കൂട്ടുപ്രതികളെയും കുറ്റവിമുക്തരാക്കി. പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടേതാണ് വിധി.

2021ൽ ഹരിയാന പഞ്ച്കുലയിലെ സി.ബി.ഐ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ച കേസാണിത്. ഗുർമീത് റാമിന്റെ അടക്കം അപ്പീലുകളിൽ വാദം കേട്ട ജസ്റ്റിസുമാരായ സുരേശ്വർ താക്കൂർ, ലളിത് ബത്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിചാരണക്കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു. സിർസയിലെ ദേരാ ആശ്രമത്തിന്റെ മാനേജർ രഞ്ജിത് സിംഗ് 2002 ജൂലായ് 10നാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

ദുരൂഹത നിറഞ്ഞ കേസ്

സിർസയിലെ ദേരാ സച്ചാ ആസ്ഥാനത്തെ വനിതാ അന്തേവാസികളെ (സാധ്വികൾ) ഗുർമീത് റാം റഹീം ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് അജ്ഞാത കത്ത് പ്രചരിച്ചിരുന്നു. ഇതിന് പിന്നിൽ രഞ്ജിത് സിംഗാണെന്ന സംശയം ബലപ്പെട്ടതിനെ തുടർന്ന് വകവരുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഗുർമീത് റാം റഹീം, കൃഷൻലാൽ, ജസ്ബീ‌ർ സിംഗ്, അവതാർ സിംഗ്, സബ്‌ദിൽ സിംഗ് എന്നിവർ ഗൂഢാലോചന നടത്തി കൃത്യം നടപ്പാക്കിയെന്നും സി.ബി.ഐ കണ്ടെത്തി. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞെന്നായിരുന്നു പഞ്ച്കുലയിലെ സി.ബി.ഐ പ്രത്യേക കോടതിയുടെ നിലപാട്.

വെറെയും കേസുകൾ

ആശ്രമത്തിലെ ലൈംഗിക ചൂഷണത്തിനെതിരെ പുറത്തുവന്ന കത്ത് റിപ്പോർട്ട് ചെയ്‌ത സിർസയിലെ മാദ്ധ്യമപ്രവർത്തകൻ രാംചന്ദർ ഛത്രപതിയും കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ ഗുർമീത് റാം റഹീമിനെ 2019ൽ ജീവപര്യന്തം കഠിനതടവിന് വിചാരണക്കോടതി ശിക്ഷിച്ചു. ആശ്രമത്തിലെ രണ്ട് വനിതാ അന്തേവാസികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20 വർഷം തടവുശിക്ഷ ലഭിച്ചു. അതിനാൽ, രഞ്ജിത് സിംഗ് കൊലക്കേസിൽ ഹൈക്കോടതി വെറുതെവിട്ടെങ്കിലും ഉടൻ പുറത്തിറങ്ങാനാകില്ല. ഒട്ടേറെ തവണ ഹരിയാന സർക്കാർ ഗുർമീത് റാമിന് പരോൾ അനുവദിച്ചത് വിവാദമായിരുന്നു. ഇക്കാര്യത്തിൽ ഇടപെട്ട പഞ്ചാബ് - ഹരിയാന ഹൈക്കോടതി, തങ്ങളുടെ അനുമതിയില്ലാതെ ഇനി പരോൾ പരിഗണിക്കരുതെന്ന് സർക്കാരിനോട് നിർദ്ദേശിച്ചു. നിലവിൽ ഹരിയാന റോത്തക്കിലെ സുനാരിയ ജയിലിലാണ് ഗുർമീത് റാമിനെ പാർപ്പിച്ചിരിക്കുന്നത്.