d

ന്യൂഡൽഹി : കൊടുംചൂടിൽ രാജസ്ഥാനെ ഡൽഹി പിന്നിലാക്കി. ഇന്നലെ ഉച്ചയ്‌ക്ക് 02.30ന് ഡൽഹിയിലെ മുംഗേഷ്‌പൂരിൽ 52.3 ഡിഗ്രി റെക്കാഡ് ചൂട് രേഖപ്പെടുത്തി. അത്യുഷ്ണത്തിൽ ജനം വലഞ്ഞു. ഉത്തരേന്ത്യയിൽ പലയിടത്തും 50 ഡിഗ്രി കടന്നു. രാജസ്ഥാനിലെ ഫലോഡിയിൽ 51 ഡിഗ്രിയും, ഹരിയാനയിലെ സിർസയിൽ 50.3 ഡിഗ്രിയും. ഇന്നു മുതൽ നാല് ദിവസം കൊണ്ട് ചൂട് ശമിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചെങ്കിലും ഉഷ്‌ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചിട്ടില്ല. ജൂൺ ഒന്നുവരെ ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡിഗർ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങിൽ റെഡ് അലർട്ട് തുടരും. ബീഹാർ, ജാർഖണ്ഡ്, ഒഡിഷ, ജമ്മു, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പുണ്ട്.

 ഉഷ്‌ണതരംഗ മരണം 60

രാജ്യത്ത് മാർച്ച് ഒന്നുമുതൽ ഉഷ്‌ണതരംഗത്തിൽ 60 പേർ മരിച്ചെന്നാണ് കണക്ക്. സൂര്യാഘാതത്തിൽ 32 പേരും സൂര്യാഘാതമെന്ന് സംശയിക്കുന്ന 16,​344 സംഭവങ്ങളിൽ 28 പേരും.

 ബീഹാറിൽ കുട്ടികൾ കുഴഞ്ഞുവീണു

ഷെയ്ഖ്പുര ജില്ലയിലെ സർക്കാർ സ്‌കൂളിൽ 16 വിദ്യാർത്ഥിനികൾ കൊടുംചൂടിൽ തളർന്നുവീണു. ആംബുലൻസ് എത്താത്തതിനാൽ ബൈക്കുകളിലും ഇ-റിക്ഷകളിലുമായാണ് കുട്ടികളെ ആശുപത്രിയിൽ കൊണ്ടുപോയത്. ജനം തെരുവിൽ പ്രതിഷേധിച്ചു.

 ഡൽഹിയിൽ ആശ്വാസമഴ

പൊരിഞ്ഞ ജനത്തിന് ആശ്വാസമായി ഡൽഹിയിലെ ചില മേഖലകളിലും നോയിഡയിലും വേനൽ മഴ പെയ്‌തു. കുട്ടികൾ മഴയത്തിറങ്ങി. പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. രാജസ്ഥാനിലെ ബാർമെർ, ജോധ്പൂർ, ഉദയ്‌പൂർ, സിരോഹി, ജലോർ എന്നിവിടങ്ങളിൽ നാലു ഡിഗ്രി വരെ ചൂട് കുറഞ്ഞു.

 റെക്കോർഡ് വൈദ്യുതി ഉപഭോഗം

എ.സിയും കൂളറും അടക്കം ഇടതടവില്ലാതെ പ്രവർത്തിച്ച ഡൽഹിയിൽ ഇന്നലെ റെക്കോർഡ് വൈദ്യുതി ഉപഭോഗം - 8302 മെഗാവാട്ട്. കുടിവെള്ളക്ഷാമവും രൂക്ഷമായി. കുടിവെള്ള പൈപ്പുകളിൽ നിന്ന് വാണിജ്യാവശ്യത്തിന് വെള്ളം എടുക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ 200 സംഘങ്ങളെ നിയോഗിച്ചു. നിയമലംഘനത്തിന് 2000 രൂപ പിഴയീടാക്കുമെന്ന് മന്ത്രി അതിഷി അറിയിച്ചു.

ഡൽഹിയിൽ 52.3 ഡിഗ്രി ചൂടിന് സാദ്ധ്യതയില്ലെന്ന് കേന്ദ്രമന്ത്രി ; പരിശോധനയ്‌ക്ക് നിർദ്ദേശം

ന്യൂഡൽഹി : ഡൽഹിയിലെ മുംഗേഷ്‌പൂരിൽ 52.3 ഡിഗ്രി റെക്കാഡ് ചൂട് രേഖപ്പെടുത്തിയതിൽ സംശയം പ്രകടിപ്പിച്ച് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രി കിരൺ റിജിജു. അങ്ങനെയൊരു താപനില വരാൻ സാദ്ധ്യതയില്ലെന്ന് എക്‌സ് അക്കൗണ്ടിൽ അദ്ദേഹം ട്വീറ്റ് ചെയ്‌തു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ ഡോ. കുൽദീപ് ശ്രീവാസ്‌തവ അറിയിച്ച വിവരമെന്ന നിലയിലാണ് ദേശീയ വാർത്താ ഏജൻസി റെക്കോർഡ് ചൂട് കണക്ക് പുറത്തുവിട്ടിരുന്നത്. എന്നാൽ, വിവരം ഔദ്യോഗികമല്ലെന്ന് കിരൺ റിജിജു വ്യക്തമാക്കി. വിഷയം പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അറിയിച്ചു. പിന്നീട്, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വാർത്താക്കുറിപ്പിറക്കിയതും കിരൺ റിജിജു ട്വീറ്റ് ചെയ്‌തു. ഡൽഹിയിൽ ഇന്നലെ രേഖപ്പെടുത്തിയ പരമാവധി താപനില നജഫ്ഗഡ് സ്റ്റേഷനിൽ 49.1 ഡിഗ്രിയാണ്. പലയിടങ്ങളിലും കഴിഞ്ഞദിവസത്തേക്കാൾ താപനില കുറഞ്ഞു. മുംഗേഷ്‌പൂർ സ്റ്റേഷനിൽ 52.9 ഡിഗ്രി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാലത് മറ്റു മേഖലകളിലെ കണക്കുമായി പൊരുത്തപ്പെടാത്തതാണ്. ഇത് സെൻസറിലെ പിശകോ, മറ്റു പ്രാദേശിക ഘടകങ്ങൾ കാരണമോ ആകാം. ഡേറ്റയും സെൻസറുകളും പരിശോധിക്കുകയാണെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.

താപനില ഇങ്ങനെ വരാൻ സാദ്ധ്യതയില്ല. വിവരം ഔദ്യോഗികമല്ല. വിഷയം പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കിരൺ റിജിജു

കേന്ദ്രമന്ത്രി