ന്യൂഡൽഹി : മദ്യനയക്കേസിൽ ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഡൽഹി റൗസ് അവന്യു കോടതിയെ സമീപിച്ചു. രണ്ടു ഹർജികളാണ് സമർപ്പിച്ചത്. ഒരു ഹർജി സ്ഥിരജാമ്യത്തിനും, മറ്രൊന്ന് നിലവിലെ ഇടക്കാല ജാമ്യം ഒരാഴ്ച്ചത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടും.
. മെഡിക്കൽ പരിശോധനകൾക്കായി ജൂൺ എട്ടുവരെ ഇടക്കാല ജാമ്യം നീട്ടണമെന്ന അപേക്ഷ പരിഗണിക്കാൻ സുപ്രീംകോടതി തയ്യാറായിരുന്നില്ല. തുടർന്നാണ് വിചാരണക്കോടതിയെ സമീപിച്ചത്. ഇന്നലെ ജഡ്ജി കാവേരി ബവേജ രണ്ടു ഹർജികളും പരിഗണിച്ചപ്പോൾ ഇ.ഡി എതിർത്തു. പഞ്ചാബിൽ ഉൾപ്പെടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാൻ കേജ്രിവാളിന് ആരോഗ്യപ്രശ്നം തടസമായില്ല. കേജ്രിവാളിന്റെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല. വിശദമായ മറുപടി സമർപ്പിക്കാൻ രണ്ടു ദിവസം സമയം അനുവദിക്കണമെന്നും ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ആവശ്യപ്പെട്ടു. തുടർന്ന് രണ്ടു ഹർജികളിലും ഇ.ഡിക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ട കോടതി, ജൂൺ ഒന്നിന് വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചു.ജൂൺ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പിനു ശേഷം രണ്ടാം തീയതി കേജ്രിവാൾ തിഹാർ ജയിലിൽ കീഴടങ്ങണമെന്നാണ് സുപ്രീംകോടതി നിർദ്ദേശം. സ്ഥിരജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാനും അനുമതി നൽകിയിരുന്നു.