ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം പ്രതിഫലിപ്പിച്ച് ആരോപണ പ്രത്യാരോപണങ്ങളും വിവാദങ്ങളും നിറഞ്ഞ വാശിയേറിയ പ്രചാരണത്തിനാണ് ഇന്നലെ കൊടിയിറങ്ങിയത്.
രാമക്ഷേത്രം, വികസനം എന്നിവയിൽ തുടങ്ങിയ ബി.ജെ.പി പ്രചാരണം ഒരു ഘട്ടത്തിൽ മതത്തിന്റെ പേരിലായി. കോൺഗ്രസിനെയും നെഹ്രു - ഇന്ദിര പാരമ്പര്യത്തെയും തള്ളിയ മുഖ്യ പ്രചാരകൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും ഒടുവിൽ ഗാന്ധിജിക്കെതിരെയും തിരിഞ്ഞു.
വികസനം, ക്ഷേത്രം, 370, സി.എ.എ
പത്തു വർഷത്തെ എൻ.ഡി.എ ഭരണത്തിൽ ഇന്ത്യയെ 2047ൽ വികസിത രാജ്യമാക്കാനും ലോകത്തെ മൂന്നാമത്തെ സമ്പദ്‌ശക്തിയാക്കാനുമുള്ള അടിത്തറ ഒരുക്കിയെന്നും മൂന്നാമതും അധികാരത്തിൽ വരുമെന്നും ബി.ജെ.പി ആവർത്തിച്ചു.
രാമക്ഷേത്രത്തിന്റെ പേരിലാണ് ഉത്തരേന്ത്യയിൽ മോദി വോട്ടു ചോദിച്ചത്. 370-ാം വകുപ്പ് റദ്ദാക്കി ജമ്മുകാശ്‌മീരിന് പുതു ജീവൻ നൽകിയെന്നും ടൂറിസത്തിൽ മുന്നേറിയെന്നും റാലികളിൽ ആവർത്തിച്ചു. പൗരത്വ നിയമഭേദഗതിയും ഉന്നയിച്ചു.
ഒന്നാം ഘട്ട പോളിംഗിന് ശേഷമാണ് കോൺഗ്രസ് പ്രകടന പത്രികയെയും ജാതി സംവരണത്തെയും ഖണ്ഡിക്കാൻ മോദി മതം ആയുധമാക്കിയത്. കോൺഗ്രസിന്റേത് മുസ്ളീം ലീഗിന്റെ പ്രകടനപത്രിക, അവർ വന്നാൽ ഹിന്ദു സ്‌ത്രീകളുടെ മംഗല്യ സൂത്രം വരെ പിടിച്ചെടുത്ത് മുസ്ളീംങ്ങൾക്ക് നൽകും തുടങ്ങിയ ആരോപണങ്ങൾ.
കോൺഗ്രസിന്റെ രാഹുൽ ഗാന്ധിയെയും സമാജ‌്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവിനെയും 'ഷെഹ്സാദ'മാർ (രാജകുമാരൻമാർ) എന്നു മോദി കളിയാക്കി. 'ഇന്ത്യ' യിലെ കോൺഗ്രസ്, സമാജ്‌വാദി, ഡി.എം.കെ. ആർ.ജെ.ഡി തുടങ്ങിയവ കുടുംബവാഴ്‌ച, അഴിമതി പാർട്ടികളെന്ന് ആരോപിച്ചു.
യു.പി. എ സർക്കാരിന്റെ നയങ്ങളെ തുറന്നെതിർത്തു. ഇന്ത്യ മുന്നണി വന്നാൽ അഞ്ചു വർഷം അഞ്ച് പ്രധാനമന്ത്രിമാരെ കാണേണ്ടി വരുമെന്നും പറഞ്ഞു. ഡൽഹിയിൽ ആംആദ്‌മി പാർട്ടിക്കെതിരെ മദ്യനയക്കേസും അഴിമതിയും ആയുധമാക്കി. ഒഡീഷയിൽ ബി.ജെ.ഡിക്കെതിരായ ഭരണവിരുദ്ധ വികാരം മുതലാക്കാനായിരുന്നു ശ്രമം. ഏറ്റവും ഒടുവിൽ ഗാന്ധിജിയെ ലോകം അറിയാൻ തുടങ്ങിയത് ഒരു സിനിമ വന്നതോടെയാണെന്ന് വരെ മോദി പറഞ്ഞു വച്ചു. കോൺഗ്രസ് അതേറ്റു പിടിച്ച് വിവാദമാക്കുകയും ചെയ്‌തു.
വിലക്കയറ്റവും തൊഴിലില്ലായ്‌മയും 'ഇന്ത്യ'യുടെ ആയുധം
വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ മോദി പരാജയപ്പെട്ടെന്ന് ആരോപിച്ച 'ഇന്ത്യ' മുന്നണി, വിലക്കയറ്റവും തൊഴിലില്ലായ്‌മയും ആയുധങ്ങളാക്കി. ബി.ജെ.പി സർക്കാർ വീണ്ടും വന്നാൽ ഭരണഘടന തിരുത്തുമെന്ന് ആവർത്തിച്ചു. അഗ്‌നിപഥ് പദ്ധതിക്കെതിരായ വികാരം ആളിക്കത്തിക്കാനും ശ്രമിച്ചു.
വനിതകൾ, തൊഴിൽ രഹിതർ, നിർദ്ധനർ, കർഷകർ തുടങ്ങിയവർക്കുള്ള ന്യായ പദ്ധതികളുടെ വാഗ്‌ദാനങ്ങളാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും റാലികളിൽ വിശദീകരിച്ചത്. ജൂൺ 4 ന് 'ഇന്ത്യ' സർക്കാർ രൂപീകരിച്ച ശേഷം ഒാരോ മാസവും വനിതകൾ അടക്കമുള്ളവരുടെ അക്കൗണ്ടിൽ വരുന്ന പണത്തിന്റെ കണക്കുകൾ പറഞ്ഞു. മോദി കർഷകരെ കടത്തിലേക്ക് തള്ളിവിട്ട് അദാനി - അംബാനി മാരുടെ കോടിക്കണക്കിന് കടം എഴുതി തള്ളിയെന്ന ആരോപണം രാഹുൽ ആവർത്തിച്ചു.