gold

ന്യൂഡൽഹി : സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റഡിയിലായ ശശിതരൂർ എം.പിയുടെ പാർട്ട് ടൈം സ്റ്രാഫ് ശിവ്‌കുമാർ പ്രസാദിനെ ഇന്നലെ വൈകിട്ടോടെ വിട്ടയച്ചു. തരൂരിന്റെ യാത്രകൾക്ക് വിമാനത്താവളങ്ങളിൽ സഹായിയായിരുന്നു 72കാരനായ ബീഹാർ സ്വദേശി ശിവ്‌കുമാർ. വിമാനത്താവളത്തിൽ പ്രവേശിക്കാൻ പ്രത്യേക പാസും അനുവദിച്ചിരുന്നു.

35.2 ലക്ഷം രൂപ വിലമതിക്കുന്ന 500 ഗ്രാം തൂക്കമുള്ള സ്വ‌ർണമാല ശിവ്കുമാറിൽ നിന്ന് കണ്ടെത്തിയെന്ന വിവരമാണ് ഇന്നലെ രാവിലെ പുറത്തുവന്നത്. ബുധനാഴ്ച ബാങ്കോക്കിൽ നിന്നുവന്ന ഉത്തർപ്രദേശ് സ്വദേശി, കള്ളക്കടത്ത് സ്വർണം ശിവ്കുമാറിനെ ഏൽപ്പിച്ചെന്നായിരുന്നു റിപ്പോർട്ട്. കസ്റ്റംസ് ഉദ്യോഗസ്ഥർ മണിക്കൂറുകൾ ചോദ്യംചെയ്‌ത ശേഷം ഇദ്ദേഹത്തെ വിട്ടയയ്‌ക്കുകയായിരുന്നു. ഇനിയും വിളിച്ചാൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് വിട്ടത്. സ്വർണം കൊണ്ടുവന്ന യു.പി സ്വദേശിക്കെതിരെ കേസെടുത്തു.

 അന്വേഷണത്തിന് പൂർണ പിന്തുണ : തരൂർ

സ്റ്രാഫിനെ കസ്റ്രഡിയിലെടുത്തത് അറിയുന്നത് ഹിമാചൽ പ്രദേശിലെ ധരംശാലയിൽ പ്രചാരണത്തിനിടയിലാണ്.വിവരം തന്നെ ഞെട്ടിച്ചു. അന്വേഷണത്തിന് പൂർണ പിന്തുണ നൽകും. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ.ഡയാലിസിസ് നടത്തുന്ന ആളെ മനുഷ്യത്വത്തിന്റെ പേരിലാണ് ജോലിയിൽ നിലനിർത്തിയത്.

 പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ

ആദ്യം കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വ‌ർണക്കടത്തിൽ ഏർപ്പെട്ടു. ഇപ്പോൾ കോൺഗ്രസ് എം.പിയുടെ പി.എ സ്വ‌ർണക്കടത്തിന് പിടിയിലായെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. 'ഇന്ത്യ' മുന്നണിയിലെ പാർട്ടികളായ സി.പി.എമ്മും കോൺഗ്രസും സ്വ‌ർണക്കടത്തിലും സഖ്യത്തിലാണെന്ന് പരിഹസിച്ചു.