ന്യൂഡൽഹി: കൊടുംചൂടിൽ വലയുന്ന ഡൽഹിയിൽ ഫാക്‌ടറി തൊഴിലാളി സൂര്യാഘാതമേറ്റു മരിച്ചു. ഈ വർഷം ഡൽഹിയിലുണ്ടാകുന്ന ആദ്യ സൂര്യാഘാത മരണമാണിത്. ബീഹാർ ദർഭാംഗ സ്വദേശി 40കാരൻ പൈപ്പ് ലൈൻ ഫിറ്രിംഗുകളുടെ ജോലിയാണ് ചെയ്‌തിരുന്നത്. അവശനിലയിലായ തൊഴിലാളിയെ തിങ്കളാഴ്ചയാണ് രാംമനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആ സമയത്ത് 107 ഡിഗ്രി പനിയുമുണ്ടായിരുന്നു. സൂര്യാഘാത കേസുകളെത്തിയാൽ ചികിത്സിക്കാൻ ഏർപ്പെടുത്തിയിരുന്ന പ്രത്യേക യൂണിറ്റിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായി മരണമടയുകയായിരുന്നു. സൂര്യാഘാതത്തെ തുടർന്ന് ഏഴോളം പേരാണ് ഈ ആശുപത്രിയിൽ മാത്രം ചികിത്സ തേടിയത്.
സുപ്രീംകോടതിയെ സമീപിക്കും
ഡൽഹിയിലെ കുടിവെള്ള ക്ഷാമത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ തേടാൻ തീരുമാനിച്ചിരിക്കുകയാണ് ഡൽഹി സർക്കാർ. ഡൽഹിയിലെ ജലവിഹിതം ഹരിയാനയിലെ ബി.ജെ.പി സർക്കാർ വിട്ടുതരുന്നില്ലെന്നാണ് പരാതി. ഡൽഹിയിൽ അടിയന്തരസാഹചര്യമാണെന്ന് മന്ത്രി അതിഷി പറഞ്ഞു. വാട്ടർ ടാങ്കർ കൺട്രോൾ റൂം തുറന്നു. വെള്ളം പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിഴയീടാക്കും. കാർ കഴുകാനോ, വാണിജ്യാവശ്യങ്ങൾക്കോ കുടിവെള്ളം ഉപയോഗിക്കാൻ പാടില്ല. ലംഘിച്ചാൽ 2000 രൂപ പിഴയീടാക്കും. നിരീക്ഷണത്തനായി 200 ഉദ്യോഗസ്ഥ സംഘങ്ങളെ നിയോഗിച്ചു.