ന്യൂഡൽഹി : 1999ൽ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയിയും, താനുമായുണ്ടാക്കിയ കരാർ പാക്കിസ്ഥാൻ ലംഘിച്ചുവെന്ന മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കുറ്റസമ്മതം, യഥാർത്ഥമെന്ന് ഇന്ത്യ.
1999 ഫെബ്രുവരി 21നാണ് ലാഹോർ പ്രഖ്യാപനത്തിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടത്. മാസങ്ങൾക്ക് ശേഷം കാർഗിൽ യുദ്ധമുണ്ടായി. 1500ൽപ്പരം പാക് ട്രൂപ്പുകളാണ് കരാർ ലംഘിച്ച് ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറിയത്. അവരെ തുരത്താൻ ഇന്ത്യ കാർഗിൽ യുദ്ധത്തിന് തുടക്കമിട്ട് വിജയം വരിക്കുകയും ചെയ്‌തു. കരാർ ലംഘിച്ചത് തങ്ങളുടെ തെറ്രായിരുന്നുവെന്ന് നവാസ് ഷെരീഷ് വെളിപ്പെടുത്തിയതിനെ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ശരി വച്ചു.
പാകിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് (പി.എം.എൽ - എൻ) പാർട്ടിയുടെ യോഗത്തിലാണ് കരാർ ലംഘനത്തെ കുറിച്ച് നവാസ് ഷെരീഫ് മനസു തുറന്നത്. 1998 മേയ് 28ന് പാകിസ്ഥാൻ അഞ്ച് ആണവ പരീക്ഷണങ്ങൾ നടത്തി. ഇതിനുശേഷം പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പാകിസ്ഥാനിലെത്തുകയും, ഇരുരാജ്യങ്ങളും തമ്മിൽ കരാറിൽ ഒപ്പിടുകയും ചെയ്‌തു. തർക്കങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് വേഗം വർദ്ധിപ്പിക്കുമെന്നും, ഭീകരപ്രവർത്തനം അമർച്ച ചെയ്യാൻ സഹകരിച്ച് പ്രവർത്തിക്കുമെന്നും കരാറിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, മാസങ്ങൾക്കകം കരാർ ലംഘിക്കപ്പെട്ടുവെന്ന് നവാസ് സമ്മതിച്ചു. ആറു വർഷത്തിന് ശേഷം പാർട്ടി അദ്ധ്യക്ഷ പദവിയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് നവാസ് ഷെരീഫ്.