f

ന്യൂഡൽഹി:ജൂൺ നാലിന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വെറുതെ ഇരിക്കേണ്ടി വരുമെന്നും ആ സമയത്ത് പുസ്‌തകം വായിച്ച് ഗാന്ധിജിയെ അറിയാൻ ശ്രമിക്കണമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ.
സിനിമ കണ്ടാണ് ലോകം ഗാന്ധിജിയെ അറിഞ്ഞതെന്ന മോദിയുടെ പ്രസ്‌താവനയോട് പത്രസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ഖാർഗെ.

സ്വാതന്ത്ര്യം ലഭിക്കാനും രാജ്യം കെട്ടിപ്പടുക്കാനും ശ്രമിച്ച ഗാന്ധിജിയെ ലോകം മുഴുവൻ അറിയാം. അഹിംസാ സമരം നടത്തി സ്വാതന്ത്ര്യം നേടിയവർക്കെല്ലാം അറിയാം. പക്ഷേ നമ്മുടെ പ്രധാനമന്ത്രിയുടെ പ്രസ‌്‌താവന ആശ്ചര്യകരമാണ്. ഗാന്ധിജിയുടെ സംഭാവനകൾ അറിയില്ലെങ്കിൽ, ഭരണഘടനയെക്കുറിച്ചും അദ്ദേഹത്തിന് ബോധമുണ്ടാവില്ല.

മോദിയെപ്പോലെ, ബി.ജെ.പിയിലെ അജ്ഞന്മാർ ജൂൺ 4 ന് ശേഷം ഒഴിവു സമത്ത് ഗാന്ധിജിയുടെ ആത്മകഥ വായിച്ച് ഗാന്ധിയനാകണം. അഹിംസ മുന്നോട്ടുവച്ച ഗാന്ധിജി ഒരിക്കലും വെറുപ്പിന്റെ രാഷ്ട്രീയം പ്രയോഗിച്ചിട്ടില്ല. മോദിയുടെ ശ്രമങ്ങളെല്ലാം വെറുപ്പ് നിറഞ്ഞതാണ്.

അന്ധകാരത്തിനെതിരെ പോരാടാൻ ലോകത്തിന് മുഴുവൻ ശക്തി നൽകിയ സൂര്യനാണ് മഹാത്മാഗാന്ധിയെന്നും 'ശാഖ'യിൽ നിന്ന് വിദ്യാഭ്യാസം നേടിയ ആളിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതികരിച്ചിരുന്നു.

പ്രധാനമന്ത്രി കൂടിയാലോചനയ്‌ക്ക് ശേഷം


ജൂൺ 4-ന് ബദൽ സർക്കാരിന് ജനവിധി ഉറപ്പാണെന്നും ഖാർഗെ പറഞ്ഞു. 'ഇന്ത്യ' സഖ്യം പൂർണ്ണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കും. യു.പി.എ മാതൃകയിൽ എല്ലാവരേയും ഉൾക്കൊള്ളുന്ന, ദേശീയതയുള്ള, വികസനോന്മുഖ സർക്കാരാവും അത്. കൂടിയാലോചനകളിലൂടെ പ്രധാനമന്ത്രിയെ നിശ്ചയിക്കും. യു.പി.എ കാലത്ത് സോണിയാ ഗാന്ധിയോട് പ്രധാനമന്ത്രിയാകാൻ പറഞ്ഞപ്പോൾ അവർ മൻമോഹൻ സിംഗിന്റെ പേരു പറഞ്ഞില്ലേ. എല്ലാവരെയും കൂടെ കൂട്ടിയായിരിക്കും സർക്കാർ. പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് എല്ലാം പാർട്ടി തീരുമാനിക്കുമെന്ന് ഖാർഗെ പറഞ്ഞു.

ജൂൺ ഒന്നിന്റെ 'ഇന്ത്യ'യോഗം അനൗപചാരിക കൂടിക്കാഴ്ചയാണെന്ന് ഖാർഗെ അറിയിച്ചു. വോട്ടെണ്ണൽ ദിവസം സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യും. തിരഞ്ഞെടുപ്പ് തിരക്കുള്ളതിനാൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ നേതാവ് മമത ബാനർജി അറിയിച്ചിട്ടുണ്ട്.