ന്യൂഡൽഹി: ഇസ്രയേൽ ആക്രമണത്തിൽ റഫയിലെ അഭയാർത്ഥി ക്യാമ്പിൽ സ്‌ത്രീകളും കുട്ടികളുമടക്കം കൊല്ലപ്പെട്ടതിൽ ഇന്ത്യ നടുക്കം രേഖപ്പെടുത്തി. സംഭവം ഹൃദയഭേദകവും ആശങ്കാജനകമാണെന്ന് വിദേശമന്ത്രാലയം പ്രതികരിച്ചു. അയർലൻഡ്, നോർവേ, സ്പെയിൻ എന്നീ രാജ്യങ്ങൾ പാലസ്തീനെ അംഗീകരിച്ചത് ഇന്ത്യൻ നിലപാടിന്റെ തുടർച്ചയാണെന്നും വിദേശകാര്യ വക്താവ് രൺദീപ് ജയ്സ്വാൾ പറഞ്ഞു.
പശ്‌ചിമേഷ്യയിൽ സിവിലിയൻ ജനതയുടെ സംരക്ഷണവും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും ഉറപ്പാക്കണമെന്ന് ഇന്ത്യ നിരന്തരം ആഹ്വാനം ചെയ്‌തതായി ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വം ഇസ്രയേൽ ഏറ്റെടുക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌ത സാഹചര്യം ഇന്ത്യ വിലയിരുത്തുകയാണ്.
1980-കളുടെ അവസാനം പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പരമാധികാരമുള്ള സ്വതന്ത്ര പാലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ഇന്ത്യ ദീർഘകാലമായി പിന്തുണച്ചിരുന്നു.
മാലദ്വീപുമായി സ്വതന്ത്ര വാണിജ്യ കരാറിന് നിർദ്ദേശം ഇല്ല. മാലദ്വീപ് സർക്കാർ താത്പര്യം പ്രകടിപ്പിച്ചാൽ ഇന്ത്യ പരിഗണിക്കും.
ബിഷ്‌കെക്കിൽ സാധാരണ നില
ആഭ്യന്തര കലാപമുണ്ടായ കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ സ്ഥിതി സാധാരണ നിലയിലാണെന്ന് വിദേശമന്ത്രാലയം അറിയിച്ചു. രണ്ടാഴ്ച മുൻപ്, ചില വിദേശ വിദ്യാർത്ഥികൾക്കു നേരെയുണ്ടായ അക്രമങ്ങൾ ആശങ്കാജനകമാണ്. എംബസി ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി. 24 മണിക്കൂർ സഹായ കേന്ദ്രവും തുറന്നു. അവധിക്ക് നാട്ടിൽ വരാൻ ഡൽഹി-ബിഷ്‌കെക്ക് റൂട്ടിലും അൽമാട്ടി വഴിയും ദിവസേന നേരിട്ടുള്ള വിമാനങ്ങൾ ലഭ്യമാണ്. സഹായത്തിന് എംബസിയുമായി ബന്ധപ്പെടാം.