h

ന്യൂഡൽഹി : മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യം ഇന്ന് അവസാനിക്കാനിരിക്കെ, അദ്ദേഹത്തിന്റെ ജാമ്യാപേക്ഷകളിൽ റൗസ് അവന്യു കോടതി നിലപാട് നിർണായകമാകും.

സ്ഥിരജാമ്യത്തിനായുള്ള ഒരു ഹർജിയും, ഇടക്കാല ജാമ്യം ഒരാഴ്ച്ച നീട്ടണമെന്ന മറ്റൊരു ഹർജിയും ജഡ്‌ജി കാവേരി ബവേജ ഇന്ന് പരിഗണിക്കും. മെഡിക്കൽ പരിശോധനയ്ക്ക് ജൂൺ എട്ടുവരെ ഇടക്കാല ജാമ്യം നീട്ടണമെന്നാണ് ആവശ്യം. ഹർജികളെ ഇ.ഡി എതിർക്കുന്നു. പഞ്ചാബിൽ പ്രചാരണത്തിന് പോകാൻ കേജ്‌രിവാളിന് ആരോഗ്യപ്രശ്‌നം തടസമാകുന്നില്ലെന്നും ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്നും ഇ.ഡി അറിയിച്ചിരുന്നു. ഇന്നത്തെ അവസാനഘട്ട വോട്ടെടുപ്പിന് ശേഷം കേജ്‌രിവാൾ നാളെ തീഹാർ ജയിലിൽ കീഴടങ്ങണമെന്നാണ് സുപ്രീംകോടതി നിർദ്ദേശം.

 ജയിലിൽ പോകുന്നത് അഭിമാനമെന്ന് കേജ്‌രിവാൾ

ഏകാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ ജയിലിൽ പോകുന്നത് അഭിമാനമാണെന്ന് കേജ്‌രിവാൾ ഇന്നലെ പറഞ്ഞു. ജയിലിൽ പീഡനങ്ങൾ ഏൽക്കാൻ സാദ്ധ്യതയുണ്ട്. നാളെ ഉച്ചയ്‌ക്ക് മൂന്നുമണിക്ക് ജയിലിലേക്ക് പുറപ്പെടും. ജയിലിൽ മരുന്നുകൾ നിഷേധിച്ചിരുന്നു. താൻ മരിച്ചാലും സങ്കടപ്പെടരുത്. ആംആദ്മി സർക്കാർ മുന്നോട്ടു പോകും. പ്രചാരണത്തിനായി ഇടക്കാല ജാമ്യം നൽകിയ സുപ്രീംകോടതിക്ക് നന്ദി - എക്സിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ കേജ്‌രിവാൾ പറഞ്ഞു.