ന്യൂഡൽഹി: സാൻഫ്രാൻസിസ്‌കോ വിമാനം 20 മണിക്കൂർ വൈകിയ സംഭവത്തിൽ എയർ ഇന്ത്യക്ക് സിവിൽ വ്യോമയാന ഡയറക്‌ടറേറ്റ് (ഡി.ജി.സി.എ) നോട്ടീസ് അയച്ചു. ഡൽഹി-സാൻഫ്രാൻസിസ്കോ വിമാനത്തിലെ യാത്രക്കാർക്കാണ് ദുരിതം നേരിട്ടത്. പുറപ്പെടാൻ വൈകിയതിനെ തുടർന്ന് യാത്രക്കാർക്ക് മണിക്കൂറുകളോളം എ.സിയില്ലാത്ത വിമാനത്തിനുള്ളിൽ കഴിയേണ്ടി വന്നു. ചിലർ ബോധരഹിതരാവുകയും ചെയ്‌തു.
50 ഡിഗ്രി സെൽഷ്യസിനടുത്ത് താപനില രേഖപ്പെടുത്തുന്ന ഡൽഹിയിൽ യാത്രക്കാരുടെ ദുരിതം കുറയ്ക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ഡി.ജി.സി.എ ആവശ്യപ്പെട്ടു.
വിമാനത്തിനുള്ളിൽ എ.സി ഇല്ലാതിരുന്നതിനാൽ യാത്രക്കാർക്ക് അസ്വസ്ഥതയുണ്ടായതായി ശ്രദ്ധയിൽപ്പെട്ടു. ഇപ്പറഞ്ഞ ലംഘനത്തിന് നടപടി സ്വീകരിക്കാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ മൂന്നു ദിവസത്തിനകം ബോധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വിശദീകരണം ലഭിച്ചില്ലെങ്കിൽ നടപടിയുണ്ടാകും.
യാത്രക്കാർക്ക് വേണ്ട പരിചരണം നൽകുന്നതിൽ എയർ ഇന്ത്യയുടെ ഭാഗത്തു നിന്ന് ആവർത്തിച്ച് വീഴ്‌ച സംഭവിക്കുന്നു. ബോർഡിംഗ് നിരസിക്കപ്പെട്ടലുള്ള സൗകര്യങ്ങൾ, വിമാനങ്ങൾ റദ്ദാക്കൽ, വിമാനങ്ങളുടെ കാലതാമസം എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നും ഡി.ജി.സി.എ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വ്യാഴാഴ്‌ച ഉച്ച തിരിഞ്ഞ് 3.30ന് പുറപ്പെടേണ്ട എ.ഐ 183 ബോയിംഗ് 777 വിമാനത്തിൽ 200 ഓളം യാത്രക്കാരുണ്ടായിരുന്നു. സാങ്കേതിക കാരണങ്ങളാൽ വിമാനം വൈകിയതിനെ തുടർന്ന് മറ്റൊരു വിമാനത്തിലേക്ക് യാത്രക്കാരെ മാറ്റി. എ.സി പ്രവർത്തിക്കാത്തതിനെ തുടർന്ന് അതിനുള്ളിൽ കഴിഞ്ഞ ചിലർ യാത്രക്കാർ കടുത്ത ചൂടിൽ ബോധരഹിതരായി. യാത്രക്കാർ എയ്‌റോബ്രിഡ്‌ജിൽ കാത്തു കിടക്കുന്ന വീഡിയോ വൈറൽ ആയിരുന്നു.