g

ന്യൂഡൽഹി: അതിർത്തി സംഘർഷം തുടരവേ, ചൈന യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് സമീപം ടിബറ്റിൽ അത്യാധുനിക ജെ-20 ഇരട്ട എൻജിൻ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിന്യസിച്ചു. സിക്കിം-ഭൂട്ടാൻ-ടിബറ്റ് ജംഗ്‌ഷനു സമീപം യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് 155 കിലോമീറ്റർ അകലെയുള്ള ഷിഗാറ്റ്‌സെ വ്യോമതാവളത്തിൽ ആറ് ജെ-20 യുദ്ധവിമാനങ്ങൾ വിന്യസിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. നേരത്തെ വിന്യസിച്ച ജെ-10 ജെറ്റുകളും കെ.ജെ-500 വ്യോമ പ്രതിരോധ സംവിധാനത്തിനും പുറമെയാണിത്.

മേയ് 27 നാണ് വിമാനങ്ങൾ വ്യോമത്താവളത്തിൽ എത്തിച്ചത്. ഒരു വൈ-20 ട്രാൻസ്പോർട്ട് വിമാനത്തിൽ ജെ-20 വിമാനങ്ങളുടെ ജീവനക്കാരെയും കൊണ്ടുവന്നു. 2020 മേയിൽ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സൈനിക ഏറ്റുമുട്ടൽ തുടങ്ങിയ ശേഷം പടിഞ്ഞാറൻ സെക്‌ടറിലെ ഹോട്ടൻ വ്യോമ താവളത്തിൽ ജെ-20 വിമാനങ്ങൾ വിന്യസിച്ചിരുന്നു.

ഭൂമിശാസ്‌ത്രപരമായി ഇന്ത്യയ്‌ക്ക് മുൻതൂക്കമുള്ള മേഖലയിൽ സൈനിക ശക്തി വർദ്ധിപ്പിക്കാനാണ് ജെ-20 വിന്യസിച്ചതെന്നാണ് വിലയിരുത്തൽ.

സുഖോയ്-30എംകെ യുദ്ധവിമാനങ്ങൾക്ക് പുറമെ, ഫ്രാൻസിൽ നിന്നുള്ള റഫാൽ വിമാനങ്ങളും ചൈനീസ് അതിർത്തിയിൽ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്.

എഫ് /എ-22 റാപ്‌റ്റേഴ്‌സ്, എഫ്-35 ലൈറ്റ്‌നിംഗ്-II തുടങ്ങിയ ലോകത്തെ മികച്ച അഞ്ചാം തലമുറ യു.എസ് യുദ്ധവിമാനങ്ങളോട് കിടപിടിക്കുന്നതാണ് ചൈനയുടെ ജെ-20.