കൊച്ചി: ചിത്രകാരനും ശില്പിയും കലാചിന്തകനുമായിരുന്ന എം.വി. ദേവന്റെ സ്മരണകളുമായി 'ദേവയാനം' ചിത്രപ്രദർശനം മഹാകവി ജി. സ്മാരകത്തിൽ മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ടി കലാധരൻ, അക്കിത്തം നാരായണൻ, പി. ഗോപിനാഥ്, കെ.കെ. ശശി, ജി. രാജേന്ദ്രൻ, ബിനുരാജ് കലാപീഠം തുടങ്ങിയ കലാകാരൻമാരുടെ 34 കലാകാരൻമാരുടെ സൃഷ്ടികളാണുള്ളത്.
ഏഷ്യൻ ആർട്‌സ് സെന്ററും പൗർണമി ആർട് ഗ്യാലറിയും ചേർന്ന് ഏർപ്പെടുത്തിയ മൂന്നാമത് എം.വി. ദേവൻ പുരസ്‌കാരം കലാനിരൂപകനും ചിത്രകാരനും കവിയുമായ എം. രാമചന്ദ്രന് മേയർ സമ്മാനിച്ചു. ഡോ. മഹേഷ് മംഗലാട്ട് അദ്ധ്യക്ഷത വഹിച്ചു. കേരള ലളിത കലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് മുഖ്യാതിഥിയായി. പ്രൊഫ. എം തോമസ് മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. കേരള ലളിത കലാ അക്കാഡമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ, പ്രൊഫ. സി.എസ്. ജയറാം തുടങ്ങിയവർ സംസാരിച്ചു.