malinyam-
നെടുമ്പാശേരി പഞ്ചായത്തിൽ വ്യാപകമായി കക്കൂസ് മാലിന്യം തള്ളുന്ന സ്ഥലം പ്രസിഡന്റ് എ.വി. സുനിലിന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ അത്താണി മുതൽ കരിയാട് വരെയുള്ള ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നവർക്കെതിരായ പരാതിയിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. മാലിന്യ നിക്ഷേപത്തിനെതിരെ വീണ്ടും വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് എസ്.പിക്ക് പരാതി നൽകിയത്. നേരത്തെ ഈ മേഖലയിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ച ഒരു വാഹനം നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. കക്കൂസ് മാലിന്യ മാഫിയ സംഘങ്ങൾക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കാത്തതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്. ദേശീയപാതയോരത്ത് കാനയിൽ തള്ളുന്ന കക്കൂസ് മാലിന്യം തോടിലൂടെ വഴിത്തോട്ടിലും തുടർന്ന് വേതുചിറയിലും എത്തുന്നതിനാൽ കുടിവെളളവും മാലിനമാകുന്ന സ്ഥിതിയാണ്. ഇക്കാര്യങ്ങളെല്ലാം എസ്.പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ പറഞ്ഞു. പ്രധാന സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു