മേയ് അഞ്ചിന് ഉച്ചയ്ക്ക് 2 മുതൽ 5.20 വരെ നടക്കുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിനുള്ള (NEET UG) അഡ്മിറ്റ് കാർഡ് neet.ntaonline.in അല്ലെങ്കിൽ exams.nta.ac.in/NEET-ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടവിധം
............................................
1. ഔദ്യോഗിക വെബ്സൈറ്റായ neet.ntaonline.in/ exams.nta.ac.in/NEET-ൽ പ്രവേശിക്കുക.
2. ഹോം പേജിൽ 'NEET UG 2024 Admit Card' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ലോഗിൻ വിൻഡോയിൽ എത്തും.
3. ലോഗിൻ വിൻഡോയിൽ ആപ്ലിക്കേഷൻ നമ്പർ, ഡേറ്റ് ഒഫ് ബർത്ത്, സെക്യൂരിറ്റി പിൻ എന്നിവ എന്റർ ചെയ്ത് സബ്മിറ്റ് ചെയ്യുക.
4. ഡൗൺലോഡായ അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് എടുക്കുക. ഒന്നിലധികം കോപ്പികൾ എടുത്ത് കൈവശം സൂക്ഷിക്കുന്നത് പിന്നീടുള്ള ആവശ്യങ്ങൾക്ക് പ്രയോജനപ്പെടും.
പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ അഡ്മിറ്റ് കാർഡ് നിർബന്ധം
...............................................
പേര്, അഡ്മിഷൻ നമ്പർ, പരീക്ഷാകേന്ദ്രം തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് അഡ്മിറ്റ് കാർഡ്. ഇതിനൊപ്പം ഉള്ള പേജുകളിൽ സെൽഫ് ഡിക്ലറേഷൻ ഫോമും പരീക്ഷാഹാളിൽ എത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളുമുണ്ട്.
അഡ്മിറ്റ് കാർഡിൽ ഫോട്ടോ ഒട്ടിക്കുകയും ഇടത് തള്ളവിരൽ അടയാളം പതിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇത് പരീക്ഷാ ഹാളിലെത്തുന്നതിനു മുമ്പ് തന്നെ ചെയ്യാം. അതേസമയം, ഒപ്പിടേണ്ടത് ഇൻവിജിലേറ്ററുടെ സാന്നിധ്യത്തിലാണ്. സെൽഫ് ഡിക്ലറേഷൻ ഫോം നേരത്തെ പൂരിപ്പിച്ച് അഡ്മിറ്റ് കാർഡിനൊപ്പം പരീക്ഷാ ഹാളിലേക്കു കൊണ്ടുപോകണം.
പ്രധാന നിർദ്ദേശങ്ങൾ
..........................................
1. പരീക്ഷാ സെന്ററിൽ എത്താനുള്ള സമയം കൃത്യമായി പാലിക്കുക.
2. 1.30ന് പരീക്ഷാ സെന്റർ ഗേറ്റ് അടയ്ക്കും. അതിനുശേഷം വിദ്യാർത്ഥിയെ സെന്ററിലേക്ക് പ്രവേശിപ്പിക്കില്ല. അതിനാൽ ട്രാഫിക് ജാം ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് നേരത്തേ പരീക്ഷാഹാളിൽ എത്താൻ ശ്രമിക്കുക.
3. ഷെഡ്യൂൾ അനുസരിച്ച് 5.20ന് പരീക്ഷ അവസാനിച്ച്, വിദ്യാർത്ഥികൾ അവരുടെ ഒ.എം.ആർ ഷീറ്റുകൾ ഡ്യൂട്ടിയിലുള്ള ഇൻവിജിലേറ്റർക്ക് കൈമാറാതെ പരീക്ഷാ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല.
4. അഡ്മിറ്റ് കാർഡിനൊപ്പം സർക്കാർ അംഗീകരിച്ചിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കൂടി കരുതണം (ഉദാ: ആധാർ കാർഡ്, പാൻകാർഡ്, പാസ്പോർട്ട് തുടങ്ങിയവ). കൂടാതെ പോസ്റ്റ് കാർഡ് സൈസ് ഫോട്ടോ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും കൈവശം വയ്ക്കുക.
ഡ്രസ് കോഡ്
.........................
ഡ്രസ് കോഡ്, പരീക്ഷാ ഹാളിൽ അനുവദനീയമായവ/ അല്ലാത്തവ തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾ വെബ്സൈറ്റിലും അഡ്മിറ്റ് കാർഡിനൊപ്പമുള്ള ഇൻസ്ട്രക്ഷനിലും നൽകിയിട്ടുണ്ട്. ഇളംകളർ പാന്റ്സും ഹാഫ് സ്ളീവ് ഷർട്ടുമാണ് അഭിലഷണീയം. മെറ്റൽ ഘടിപ്പിച്ചതുൾപ്പെടെയുള്ള വസ്ത്രങ്ങൾ ഒഴിവാക്കണം. ഷൂസ്/ കാൽ മുഴുവനായി മറയുന്ന പാദരക്ഷ ഒഴിവാക്കണം. സാൻഡൽ/ സ്ലിപ്പർ ഉപയോഗിക്കാം. തലയിൽ ഉപയോഗിക്കുന്ന ക്ലിപ്പ് ഉൾപ്പെടെയുള്ള വസ്തുക്കൾ സംബന്ധിച്ച നിർദ്ദേശങ്ങൾ വ്യക്തമായി വായിച്ചു മനസിലാക്കുക.
സുതാര്യമായ കുപ്പിയിൽ കുടിവെള്ളം കൊണ്ടുപോകാം. എ.ഐ ക്യാമറയുടെ നിരീക്ഷണത്തിലാണ് ഓരോ പരീക്ഷാഹാളും എന്ന് എൻ.ടി.എ വ്യക്തമാക്കിയിട്ടുണ്ട്.