cx


"നീ അവിടെപ്പോയി സർവൈവ് ചെയ്യില്ല സച്ചിനെ..." ലളിതമായി തുടങ്ങി കോടികൾ വാരിയ 'പ്രേമലു' സിനിമയുടെ ക്ലൈമാക്സിനിടെ നായിക റീനു പറയുന്നതാണിത്. യു.കെയിൽ ഉപരിപഠനത്തിനാണ് നായകൻ്റെ യാത്ര. ഒരുതവണ വീസ നിഷേധിക്കപ്പെട്ട ശേഷമാണ് സച്ചിന് അവസരം കൈവരുന്നത്. കഥ പറഞ്ഞു പോകുന്നതിനിടെ വിദേശ പഠനത്തിൻ്റെ റിസ്കുകളും സിനിമയിൽ സൂചിപ്പിക്കുന്നു. ഇന്ത്യൻ വിദ്യാർത്ഥികളെയടക്കം ഗ്രസിച്ചിരിക്കുന്ന 'സ്റ്റഡി അബ്രോഡ്' തരംഗത്തിൽ വിദ്യാർത്ഥികൾ നിത്യേന അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇങ്ങനെ നിരവധിയാണ്.
വാഗ്ദത്ത ഭൂമിയിലെ മാന്യമായ ജീവിതം, ഫീസിനും നിത്യച്ചെലവിനും പുറമെ സമ്പാദിക്കാനും സഹായിക്കുന്ന പാർടൈം ജോലി, പഠനശേഷം പെർമനൻ്റ് റസിഡൻ്റ് പദവി ഇതെല്ലാമാണ് വിദേശപഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെ സ്വപ്നം. എന്നാൽ കാര്യങ്ങൾ വിധിപോലെ വന്നേക്കില്ലെന്നതാണ് പലരുടേയും അനുഭവം. പണിയെടുത്തു പഠിക്കാമെന്നും തരപ്പെട്ടാൽ ആ വഴിയങ്ങ് നീങ്ങാമെന്നും കരുതുന്നവർക്ക് തിരിച്ചടിയാകുന്ന തീരുമാനങ്ങളാണ് പ്രമുഖ രാജ്യങ്ങൾ അടിയ്ക്കടി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യൻ വിദ്യാർത്ഥികളുടെ പഠന ഗവേഷണശേഷിയും നൈപുണ്യവുമാണ് അവർക്ക് വേണ്ടതെന്ന് പ്രസ്തുത രാജ്യങ്ങൾ നയം വ്യക്തമാക്കിക്കഴിഞ്ഞു. ഭാവി വികസനത്തിന് സ്പെഷ്യൽ സ്കിൽ അനിവാര്യമാണ്. അതിനാൽ,
പഠനത്തിൻ്റെ പേരിൽ വീസ തരപ്പെടുത്തി എന്തെങ്കിലും പണിയെടുത്തു ജീവിക്കാമെന്നു കരുതുന്നവരെ പ്രോത്സാഹിക്കാൻ ആ രാജ്യങ്ങൾ ഇനി തയ്യാറല്ലെന്നാണ് നിലപാട്.


കാനഡയുടെ

ചട്ടങ്ങൾ

രാജ്യാന്തര വിദ്യാർത്ഥികൾക്ക് കാനഡ കൊണ്ടുവന്ന പുതിയ മാനദണ്ഡങ്ങൾ സെപ്തംബറിൽ നിലവിൽ വരികയാണ്. അതു പ്രകാരം ആഴ്ചയിൽ പരമാവധി 24 മണിക്കൂർ മാത്രമാണ് പാർട് ടൈം ജോലി അനുവദിക്കുക. ക്ലാസ്സില്ലാത്ത സമയങ്ങളിൽ യഥേഷ്ടം ജോലി ചെയ്യാനുള്ള അനുവാദം ഇനിയില്ല. മേയ് 15 മുതൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ഇത് ബാധകമാകും. കൊവിഡ് കാലത്തെ തൊഴിലാളി ക്ഷാമം മുൻനിറുത്തി നൽകിയ ഇളവുകൾ അടക്കമാണ് കാനഡ പിൻവലിച്ചത്. പോക്കറ്റ് മണിക്കു വേണ്ടിയുള്ള ഓട്ടം പഠനത്തിലെ ഏകാഗ്രത കുറയ്ക്കുമെന്നാണ് കണ്ടെത്തൽ.
" വിദ്യാർത്ഥികൾ കാനഡയിൽ വരുന്നത് പഠിക്കാനായിരിക്കണം. താത്കാലിക ജോലി കൾക്കായല്ല." അഭയാർത്ഥി, പൗരത്വ വകുപ്പു മന്ത്രി മാർക്ക് മില്ലർ നയം വ്യക്തമാക്കി. കാനഡയ്ക്ക് വേണ്ടത് മുറി വൈദ്യന്മാരെയല്ല, പഠന വൈദഗ്ദ്ധ്യം കൈവരിച്ചവരെയാണെന്നർത്ഥം. കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൂന്നര ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്. ഇതിൽ ഏറിയ പങ്കും മലയാളികളാണ്.


യു.എസ്,

ഓസീസ് കാഴ്ചപ്പാട്

ആഴ്ചയിൽ 28 മണിക്കൂറിലധികം ജോലി ചെയ്യുന്നവരുടെ പഠന നിലവാരം മോശമാകുന്നതായി അമേരിക്ക ഈയിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. അതിനാൽ അവിടെ പഠനത്തിനൊപ്പം ജോലി തേടുന്നതിന് കൂടുതൽ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. സ്റ്റുഡൻ്റ് വീസ അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയും അമേരിക്ക കർശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2,53,355 വിദ്യാർത്ഥികളുടെ വീസ അപേക്ഷകൾ അമേരിക്ക നിഷേധിച്ചതായാണ് റിപ്പോർട്ടുകൾ. ഇത് ലഭിച്ച അപേക്ഷകളുടെ മുന്നിലൊന്നു വരും.
ഓസ്ട്രേലിയയിൽ, വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ കടന്നു വരവ് ജനസംഖ്യാ പ്രശ്നം കൂടിയായി. 2022 സെപ്തംബർ മുതൽ 2023 സെപ്തംബർ വരെ കാലയളവിൽ ജനസംഖ്യ രണ്ടര ശതമാനം കൂടിയെന്നാണ് കണക്ക്. അതിനാൽ വിദേശ വിദ്യാർത്ഥികൾക്ക് ഓസീസ് അടുത്തിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പാർടൈം ജോലി രണ്ടാഴ്ചയിൽ 48 മണിക്കൂർ മാത്രം എന്ന് നിജപ്പെടുത്തി. വീസ മാനദണ്ഡങ്ങളും ആസ്‌ട്രേലിയ കർശനമാക്കി. അപേക്ഷകരായ വിദ്യാർത്ഥികളുടെ ലക്ഷ്യം പഠനം മാത്രമാണെന്നുറപ്പാക്കാൻ 'ജെന്യൂൻ സ്റ്റുഡൻ്റ് ടെസ്റ്റ് കൊണ്ടുവന്നു. മാത്രമല്ല, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന് യോഗ്യതാ സ്കോറുകളും ഉയർത്തി. ഇതു പ്രകാരം താത്കാലിക ഗ്രാജ്വേറ്റ് വീസയ്ക്കുള്ള ഐ.ഇ.എൽ.ടി.എസ് സ്കോർ 6 എന്നത് 6.5 ആക്കി. വിദ്യാർത്ഥി വീസയ്ക്കുള്ള സ്കോർ 5.5 ൽ നിന്ന് 6 ആക്കുകയും ചെയ്തു. റിക്രൂട്ട്മെൻ്റ് ചട്ടങ്ങളിൽ പലതവണ വീഴ്ച വരുത്തുന്ന ഏജൻസികളെ വിലക്കാനും സർക്കാരിനെ അധികാരപ്പെടുത്തി. നിരീക്ഷണത്തിലുള്ള ഏജൻസികൾ മുഖേന വരുന്ന അപേക്ഷകളുടെ പരിശോധന കർശനമാക്കുകയും ചെയ്തു. 2022 ജൂലൈ മുതൽ 2023 ഫെബ്രുവരി വരെ
ആസ്ട്രേലിയ ആകെ 3,82,000 സ്റ്റുഡൻ്റ് വീസകൾ അനുവദിച്ചിട്ടുണ്ട്.

ബ്രിട്ടൻ്റെ

നടപടികൾ

പഠനത്തിൻ്റെ പേരിൽ കുടുംബത്തോടെയുള്ള കുടിയേറ്റം തടയുന്നതിന് പുതുവർഷദിനം മുതൽ ബ്രിട്ടൻ നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു. ഉപരി പഠനത്തിന് ചേരുന്ന വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കളേയോ പങ്കാളിയേയോ കുട്ടികളേയോ ഒപ്പം കൂട്ടുന്നതിനാണ് നിയന്ത്രണം. അതേസമയം ഗവേഷണ വിദ്യാർത്ഥികൾക്ക് ഇതിന് ഇളവുണ്ട്.
വിദേശ പഠനത്തിന് വിദ്യാർത്ഥികൾ ഏറ്റവുമധികം ആശ്രയിക്കുന്ന ഈ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിൽ, 2025ൽ പ്രവണത മാറുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. വിദ്യാർത്ഥികൾ പുതിയ ലക്ഷ്യസ്ഥാനങ്ങൾ തേടും. ജർമനിക്ക് പുറമേ ജപ്പാൻ, യു.എ.ഇ, തുർക്കി, അയർലൻഡ് എന്നിവിടങ്ങളിൽ സാദ്ധ്യതകളുണ്ട്. പാർടൈം ജോലിക്ക് കൂടുതൽ അവസരങ്ങൾ, ലളിതമായ വീസ നടപടികൾ, ചെലവു കുറഞ്ഞ താമസം തുടങ്ങിയ കാര്യങ്ങളാണ് ഈ രാജ്യങ്ങളുടെ സവിശേഷത.