കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് (എ.ഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്മാർട്ട് പാർക്കിംഗിനൊരുങ്ങി മറൈൻഡ്രൈവ്. പാർക്കിംഗ് എളുപ്പവും കൃത്യമാക്കുകയുമാണ് ലക്ഷ്യം.
നഗരത്തിലെ പാർക്കിംഗുകൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായാണ് നടപടി. എയർപോർട്ട് മാതൃകയിലാണ് പാർക്കിംഗ് നടപ്പിലാക്കുക. സ്മാർട്ട് പാർക്കിംഗ് വരുമ്പോൾ എല്ലാം ഓട്ടോമാറ്റികായി മാറും.
ആദ്യഘട്ടത്തിൽ എൻട്രി ആൻഡ് എക്സിറ്റ് സംവിധാനമാകും നടപ്പിലാക്കുക. വാഹനങ്ങൾ പ്രവേശിക്കുമ്പോൾ എ.ഐ ക്യാമറകളിലൂടെ വാഹത്തിന്റെ നമ്പർ, ഏത് തരം വാഹം എന്നിവയടക്കം മനസിലാക്കും. ശേഷം എത്രസമയം വാഹനം പാർക്കിംഗ് സ്ഥലം ഉപയോഗിച്ചുവെന്ന് മനസിലാക്കി പാർക്കിംഗ് ഫീസ് ഈടാക്കും. ഇത് ഫാസ്റ്റാഗ്, ഡെബിറ്റ് കാർഡ്, യു.പി.ഐ എന്നിവ ഉപയോഗിച്ച് പണം അടയ്ക്കാം. രണ്ടാംഘട്ടത്തിൽ മുഴുവനായും സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പാർക്കിംഗ് സംവിധാനത്തിലാകും. ക്യാമറ ഉപയോഗിച്ച് എവിടെയൊക്കെ പാർക്ക് ചെയ്യാനുള്ള സ്ഥലമുണ്ട്, മുൻകൂറായി പാർക്കിംഗ് സ്പേസ് ബുക്ക് ചെയ്യാനുള്ള സംവിധാനം, മൊബൈൽ ആപ്ലിക്കേഷൻ വഴി പാർക്കിംഗ് സ്പേസ് ലഭ്യമാണോ എന്ന് അറിയാനും സാധിക്കും.
25 ലക്ഷത്തിന്റെ പദ്ധതി
ജി.സി.ഡി.എ നടപ്പിലാക്കുന്ന പദ്ധതിക്കായി 25 ലക്ഷം രൂപയാണ് ഇപ്പോൾ വകയിരുത്തിയിരിക്കുന്നത്. ജൂലായ് മാസം മുതൽ ആദ്യഘട്ടം നടപ്പിലാകും. പദ്ധതി നടപ്പിലാക്കുന്നതിനായി മറൈൻഡ്രൈവ് പാർക്കിംഗ് ഗ്രൗണ്ട് മോഡിപിടിപ്പിക്കും. ഗ്രൗണ്ട് വൃത്തിയാക്കി എയർപോർട്ട് നിലവാരത്തിൽ തയ്യാറാക്കാനാണ് പദ്ധതി.
ഹൈ സെക്യൂരിറ്റി
മറൈൻഡ്രൈവിൽ സുരക്ഷാ നടപടികൾ വിപുലമാക്കി ജി.സി.ഡി.എ ഇതിനായി 30 എക്സ്. സർവീസ് ഉദ്യോഗസ്ഥരെയാണ് മറൈൻഡ്രൈവിൽ മുഴുനീളം വിന്യസിപ്പിച്ചിരിക്കുന്നത്. മേയ് ഒന്നുമുതൽ ഇവർ ജോലി ആരംഭിച്ചു. മറൈൻഡ്രൈവ് ഇനി ഇവരുടെ ശ്രദ്ധയിലായിരിക്കും. ഓരോ കേന്ദ്രങ്ങളിൽ ഇനി ഇവരുണ്ടാകും. രാത്രികാലങ്ങളിൽ കുടുംബത്തോടൊപ്പം എത്തുന്നവർക്ക് സുരക്ഷാക്രമീകരണങ്ങൾ ഏറെ സഹായകമാകും. പ്രത്യേക ഏജൻസിയാണ് സെക്യൂരിറ്റിമാരെ നിയമിച്ചിരിക്കുന്നത്. കൂടുതൽ ആളുകൾ എത്തുന്ന സ്ഥലമായതിനാൽ പലതരത്തിലുള്ള പ്രവർത്തനങ്ങൾ മറൈൻഡ്രൈവിൽ നടക്കുന്നുണ്ട്. ഇത് ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഡെസ്റ്റിനേഷൻ വെഡിംഗ് അടക്കമുള്ള വലിയ പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതിനാൽ വലിയ രീതിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യമാണെന്നും അധികൃതർ അറിയിച്ചു.