cancer

കൊച്ചി: ഡോക്‌ടർമാരും ഡയറ്റീഷ്യന്മാരും ചേർന്ന് നിശ്ചയിച്ച് ആശുപത്രി അടുക്കളയിൽ തയ്യാറാക്കി രോഗികൾക്ക് നൽകേണ്ട ഭക്ഷണത്തിനു പകരം സന്നദ്ധസംഘടനകളുടെ ഭക്ഷണം നൽകാനുള്ള കൊച്ചി ക്യാൻസർ സെന്ററിന്റെ നീക്കം പിൻവലിക്കണമെന്ന ആവശ്യം ശക്തം. വിഷയത്തിൽ സെന്റർ അധികൃതരോട് ആരോഗ്യവകുപ്പ് മന്ത്രി വിശദീകരണം തേടി.

കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നതിന് സന്നദ്ധ സംഘടകളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ച് സെന്റർ കഴിഞ്ഞ ദിവസം പരസ്യം നൽകിയിരുന്നു. 13 വരെ അപേക്ഷ സമർപ്പിക്കാം. തുടക്കത്തിൽ ആറുമാസത്തേയ്ക്കാണ് കരാറെങ്കിലും രണ്ടുവർഷം വരെ നീട്ടാൻ കഴിയുമെന്ന് പരസ്യത്തിൽ പറയുന്നു.

 ആശുപത്രി അടുക്കളയിൽ ഭക്ഷണം തയ്യാറാക്കണം

സന്നദ്ധസംഘ‌ടനകളിൽ നിന്ന് സംഭാവന സ്വീകരിച്ച് ആശുപത്രി അടുക്കളയിൽ തന്നെ ഭക്ഷണം തയ്യാറാക്കി നൽകണമെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യർ മൂവ്മെന്റ് ആരോഗ്യമന്ത്രി വീണ ജോർജ്, വ്യവസായമന്ത്രി പി. രാജീവ് എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പുറത്തുനിന്നുള്ള ഭക്ഷണം രോഗികൾക്ക് നൽകുന്നത് ഒഴിവാക്കണമെന്ന് മൂവ്മെന്റ് ആവശ്യപ്പെട്ടു.

പ്രധാന ആശുപത്രികളിൽ രോഗികളുടെ അവസ്ഥ ഡോക്ടർമാരുമായി ചർച്ച ചെയ്ത് ഡയറ്റീഷ്യന്മാരാണ് മെനു തീരുമാനിക്കുന്നത്. ഇതനുസരിച്ച് ആശുപത്രി അടുക്കളയിൽ തയ്യാറാക്കുന്ന ഭക്ഷണം രോഗികൾക്ക് നൽകുന്നതാണ് പൊതു രീതി. കീമോതെറാപ്പിയും ശസ്ത്രക്രിയയും കഴിഞ്ഞ രോഗികളുടെ ഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ചികിത്സയുടെ ഭാഗമായാണ് അനുയോജ്യമായ ഭക്ഷണം നൽകുന്നത്.

ആശുപത്രിക്ക് പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷണം ക്യാൻസർ രോഗികൾക്ക് നൽകുന്നത് ഉചിതമാകില്ല. അവശനായ രോഗിക്ക് അപ്രതീക്ഷിതമായി ഭക്ഷ്യവിഷബാധയുണ്ടായാൽ ആപത്കരമാണ്. ഭക്ഷണം നൽകാൻ താത്പര്യമുള്ള വ്യക്തികൾക്കും സംഘടനകൾക്കും ആശുപത്രിയുടെ അക്കൗണ്ടിൽ സംഭാവനകൾ നൽകാം. ഇതുപയോഗിച്ച് ആശുപത്രി അടുക്കളയിൽ ഭക്ഷണം തയ്യാറാക്കി നൽകുന്ന രീതിയാണ് ഉചിതമെന്ന് മൂവ്മെന്റ് ഭാരവാഹി ഡോ.എൻ.കെ. സനിൽകുമാർ ആരോഗ്യ, വ്യവസായ മന്ത്രിമാർക്ക് നൽകിയ നിവേദനത്തിൽ നിർദ്ദേശിച്ചു.

 ഉദ്ഘാടനത്തിന് ഒരുക്കം

കളമശേരിയിൽ മെഡിക്കൽ കോളേജിന് സമീപം കാൻസർ സെന്ററിന്റെ സ്വന്തം കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. കെട്ടിടത്തിന്റെ നിർമ്മാണജോലികൾ പൂർത്തിയായി. അനുബന്ധ സൗകര്യങ്ങൾ ഒരുക്കി ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നടപടികൾ പുരോഗമിക്കുകയാണ്. തിരഞ്ഞെ‌ടുപ്പ് നടപടികൾ പൂർത്തിയായാൽ കെട്ടിടോദ്ഘാടനം ചെയ്യാനാണ് സർക്കാരിന്റെ നീക്കം.