ksrtc
കെ.എസ്.ആർ.ടി.സി മൂവാറ്റുപുഴ ഡിപ്പോയിൽനിന്ന് വിനോദ സഞ്ചാരത്തിനായി ചതുരംഗപാറയിലേക്ക് ആദ്യ സർവീസ് പുറപ്പെടുന്നു

മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി മൂവാറ്റുപുഴ ഡിപ്പോയിൽനിന്ന് വിനോദ സഞ്ചാര സർവീസിന് തുടക്കമായി. കേരള തമിഴ്നാട് ബോർഡർ ആയ ചതുരംഗ പാറയിലേക്കായിരുന്നു ആനവണ്ടിയുടെ ആദ്യ യാത്ര. ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായിട്ടാണ് മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി വിനോദ സഞ്ചാരത്തിന് തുടക്കമിട്ടത്. രാവിലെ 6ന് ബസ് മൂവാറ്റുപുഴയിൽ നിന്ന് പുറപ്പെട്ട് നേര്യമംഗലം പാലം കടന്ന് കല്ലാർകുട്ടി ഡാമിലെത്തും. തുടർന്ന് എസ്.എൻ.പുരം വെള്ളച്ചാട്ടം കണ്ടശേഷം പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായിട്ടുള്ള പൊന്മുടി ഡാം സന്ദർശിക്കും. വിശ്രമത്തിനുശേഷം കള്ളിമാലി വ്യൂ പോയിന്റിലെത്തി തേയിലത്തോട്ടങ്ങളാൽ മനോഹരമായ പൂപ്പാറയുടെ ഭംഗി ആസ്വദിച്ചുകൊണ്ട് തുടരുന്ന യാത്ര കാറ്റാടി യന്ത്രങ്ങളുടെ താഴ്‌വരയായ ചതുരംഗപ്പാറയിൽ എത്തിച്ചേരും. തുടർന്ന് ആനയിറങ്കൽ ഡാമിന്റെ മുകളിൽ നിന്നുള്ള വ്യൂ പൊയിന്റും ഡാമും സന്ദർശിച്ചശേഷം ഗ്യാപ് റോഡ് വഴി റോഡും പ്രകൃതി ഭംഗിയും ആസ്വദിച്ച് മൂന്നാർ വഴി തിരിച്ച് രാത്രി 11ന് മൂവാറ്റുപുഴയിലെത്തും. കെ.എസ്.ആർ.ടി.സിയുടെ ഈ ഉല്ലാസ യാത്രയുടെ ചാ‌ർജ് 600 രൂപയാണ് . ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള വിനോദ സഞ്ചാരയാത്ര വൻ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി എ.ടി.ഒ ഷാജു കുര്യാക്കോസും യൂണിറ്റ് കോ ഓർഡിനേറ്റർ എൽദോസ് വർക്കിയും പറഞ്ഞു. ബുക്ക് ചെയ്യുന്നതിന് ബന്ധപ്പെടേണ്ട നമ്പർ - 9447737983, 8281083762. വിനോദ സഞ്ചാര യാത്രയുടെ തുടർച്ചയായി മൂവാറ്റുപുഴയിൽ നിന്ന് ഉടൻ മലക്കപ്പാറയിലേക്കും സർവീസ് ആരംഭിക്കും. തുമ്പൂർമൂഴി , ചോർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ, ഷോളയാർ വഴിയാണ് മലക്കപ്പാറ ഉല്ലാസയാത്ര.