shanakara-narayanan

കൊച്ചി: 'കുഞ്ചിയമ്മ യാസ്തു പഞ്ച പുത്രാ:, പഞ്ചമോ കോമള കുഞ്ചുരേവ...!" 'കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ, അഞ്ചാമൻ ഓമനക്കുഞ്ചുവാണേ..." എന്ന കവിതയുടെ സംസ്കൃതരൂപമാണിത്.

മലയാളത്തിലെ പ്രശസ്ത ബാലകവിതകൾ സംസ്കൃതത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണ് ശങ്കരനാരായണൻ മാഷ്. ഇടപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും എറണാകുളം ജില്ലാ ഹയർസെക്കൻഡറി സ്കൂൾ കോഓർഡിനേറ്ററുമായ എ. ശങ്കരനാരായണൻ 20 ബാലകവിതകൾ മൊഴിമാറ്റിക്കഴിഞ്ഞു. സംസ്കൃതം ആദ്യമായി പഠിക്കുന്ന കുട്ടികൾക്ക് ഭാഷ എളുപ്പമാക്കുകയാണ് ലക്ഷ്യം.

മൊഴിമാറ്റുമ്പോൾ ഈണവും പ്രാസവും മാറാതെ ശ്രദ്ധിക്കണം. ചില മലയാളപദങ്ങളുടെ സംസ്കൃതരൂപം കൃത്യമായി കിട്ടാൻ ആഴ്ചകളെടുക്കും. സംസ്കൃതത്തിൽ ഒരേ അർത്ഥമുള്ള പല വാക്കുകളുള്ളതാണ് കാരണം.

മാഷ് പരിഭാഷപ്പെടുത്തിയ മറ്റൊരു ബാലകവിതയാണ് 'കാക്കേ കാക്കേ കൂടെവിടെ..." അതിന്റെ സംസ്കൃത പരിഭാഷ ഇങ്ങനെ: 'കാക: കാക: നീഡ: ക്വ:. നീഡേ കിതേ ശിശു രസ്തി. ശിശവേ ഭോജ്യം അദാസ്യം ചേത് രോദനം കുര്യത് സോപി ശിശു:"

കവി​തകൾ കുട്ടികളെ പഠിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. ചില സിനിമാഗാനങ്ങളും പരിഭാഷപ്പെടുത്തി.

തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ആയിരുന്നപ്പോഴാണ് പരീക്ഷണം തുടങ്ങിയത്. 2005ൽ ഒ.എൻ.വിയുടെ 'തീരെ ചെറിയ ശബ്ദങ്ങളി"ലായിരുന്നു തുടക്കം. വൈലോപ്പിള്ളിയുടെ ഊഞ്ഞാൽ, കാക്ക, വയലാറിന്റെ അശ്വമേധം, ചങ്ങമ്പുഴയുടെ കാവ്യനർത്തകി, 'ഇന്നലെ നീയൊരു സുന്ദരരാഗമായ്', ആബേൽ അച്ചന്റെ 'പരിശുദ്ധാത്മാവേ" തുടങ്ങിയവയും സംസ്‌കൃതത്തിൽ അവതരിപ്പിച്ചു.

അപൂർവ ഗ്രന്ഥശേഖരം

തൃശൂർ കൊടകരയിൽ അദ്ദേഹത്തിന്റെ കാഞ്ഞിരപ്പറമ്പ് മഠം വീട്ടിൽ അപൂർവഗ്രന്ഥങ്ങളുടെ ശേഖരമുണ്ട്. ബോംബെ ഡാവിഞ്ചി പബ്‌ളിഷേഴ്‌സ് കല്ലച്ചിൽ അച്ചടിച്ച് 1893ൽ പ്രസിദ്ധീകരിച്ച രണവീര രത്‌നാകരം, 1848ലെ സംസ്‌കൃത ബൈബിൾ, മോഷണത്തെ വിശകലനം ചെയ്യുന്ന ധർമ്മചൗര്യ രസായനം തുടങ്ങിയവ കൂട്ടത്തിലുണ്ട്. 2000 പുസ്തകങ്ങളും 8000 പുസ്തകങ്ങളുടെ ഡിജിറ്റൽ കോപ്പികളുമുണ്ട്. അദ്ധ്യാപികയായ പ്രീതി നാരായണൻ കുട്ടിയാണ് ഭാര്യ. മകൻ: പ്ലസ്ടു വിദ്യാർത്ഥി ശാസ്തൃദത്തൻ.