പെരുമ്പാവൂർ: വിക്രം സാരാഭായി സയൻസ് ഇനിഷ്യേറ്റീവ് ദേശീയതലത്തിൽ നടത്തിയ സയൻസ് പ്രമോഷൻ ഓറിയന്റ് ടെസ്റ്റ് (സ്‌പോട്ട്) 2024ൽ ബേസിക് ജൂനിയർ, സീനിയർ തലങ്ങളിൽ ആദ്യ നൂറിൽ പ്രഗതി അക്കാഡമി വിദ്യാർത്ഥികൾ റാങ്കോടെ ഇടംനേടി. രജിസ്‌ട്രേഡ് സ്‌പേസ് ട്യൂട്ടർ ഒഫ് ഐ.എസ്.ആർ.ഒ അംഗീകാരം ലഭിച്ച സംസ്ഥാനത്തെ പ്രഥമ വിദ്യാലയമാണ് പ്രഗതി അക്കാഡമി. സംഗമിത്ര സുനിൽ (ക്ലാസ് 3), ദക്ഷ സാധിക (ക്ലാസ് 4 ബേസിക്), ജെ. ചിന്മയ (ക്ലാസ് 7ജൂനിയർ), എസ്. സജിത്ത് ആരോൺ (ക്ലാസ് 11 സീനിയർ) എന്നിവരാണ് ആദ്യ 100ൽ ഇടംപിടിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ സ്‌പോട്ട് 100 ശാസ്ത്ര പ്രതിഭകളോടൊപ്പം മേയ് അവസാനവാരം സതീഷ് ഭവാൻ സ്‌പേസ് സെന്റർ, ശ്രീഹരിക്കോട്ട, ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ കീഴിലുള്ള സ്ഥാപനങ്ങൾ എന്നിവ സന്ദർശിക്കുന്നതിനും ബഹിരാകാശ ശാസ്ത്ര പഠനക്ലാസുകളിൽ പങ്കെടുക്കുന്നതിനും ഇവർക്ക് അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക് ബഹിരാകാശ ശാസ്ത്രത്തെയും സാങ്കേതികവിദ്യയെക്കുറിച്ചും പഠിക്കുന്നതിന് അവസരമാണ് ലഭിക്കുന്നതെന്ന് പ്രിൻസിപ്പൽ സുചിത്ര ഷൈജിന്ത് പറഞ്ഞു.