ആലുവ: നദികളും തോടുകളും വീണ്ടെടുക്കാനുള്ള ദൗത്യവുമായി ദേശീയ എൻ.ജി.ഒ കോൺഫെഡറേഷൻ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പദയാത്രയും ഇരുചക്ര വാഹന റാലിയും സംഘടിപ്പിച്ചു. ജില്ലയിലെ നദിയാത്ര വിളംബരറാലി ആലുവ മണപ്പുറത്തു നിന്നും ആരംഭിച്ച് പുളിഞ്ചോട് അവസാനിച്ചു. പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ അഡ്വ. രാജേന്ദ്രൻ നായർ, സെക്രട്ടറി പ്രൊഫ. ബീന സെബാസ്റ്റിൻ, പെരിയാർ പ്രൊട്ടക്ഷൻ കൗൺസിൽ കൺവീനർ പ്രകാശ് ആലുവ, രഞ്ജിത്ത്, ഫാ. ഡിപിൻ, ഡോ. ജോസ് ജോസ്, ഡോ. അനൂപ് ഫ്രാൻസിസ്, മേരി സിജി, അനിൽ പി. ജോൺ, അബ്ദുൽ ഗഫൂർ, ഇസ്‌മായിൽ പരീദ്, മോഹനൻ പുന്നേലിൽ, സജീവ്‌കുമാർ എന്നിവർ പ്രസംഗിച്ചു. ആഗസ്റ്റ് മാസത്തിൽ നടക്കുന്ന നദിയാത്രയുടെ വിജയത്തിനായി ഈ മാസം എട്ടിന് വിപുലമായ സ്വാഗതസംഘം രൂപീകരിക്കും. കേരളത്തിൽ 21 ദിവസം നീണ്ടുനിൽക്കുന്ന നദിയാത്ര തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കോൺഫെഡറേഷൻ ഡയറക്‌ടർ ബോർഡ് ചെയർമാൻ കെ.എൻ. ആനന്ദ് കുമാർ, (സായി ഗ്രാമം ആറ്റിങ്ങൽ), സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. വി. സുഭാഷ് ചന്ദ്രബോസ്, കോ ഓർഡിനേറ്റർ അനന്ദു കൃഷ്‌ണൻ എന്നിവർ യാത്ര നയിക്കും. നെയ്യാർ മുതൽ മഞ്ചേശ്വരം വരെയുള്ള 1700 കിലോമീറ്റർ ദൂരം സഞ്ചരിച്ച് നാല് നദികളുടെ പഠന റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് നൽകും.