പറവൂർ: പറവൂർ നഗരസഭ അഞ്ചാം വാർഡിലെ റോഡരികിൽ നിന്ന തണൽമരം വെട്ടിമാറ്റിയ സംഭവത്തിൽ നഗരസഭ കൗൺസിൽ യോഗത്തിൽ തർക്കം. പഴയ എച്ച്.ഐ സ്കൂളിന് മുൻവശത്തുള്ള റോഡിലാണ് മരം നിന്നിരുന്നത്. നഗരസഭയുടെ അനുമതിയില്ലാതെ മരം മുറിച്ചുമാറ്റിയത് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ചോദ്യം ചെയ്തു. സമീപത്തുള്ള ഒരു സ്വകാര്യ വ്യക്തിയെ സഹായിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മരത്തിന്റെ ശിഖരങ്ങൾ വൈദ്യതി ലൈനിൽ മുട്ടിയതിനാലാണ് മരം മുറിച്ചുമാറ്റിയതെന്ന് നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു പറഞ്ഞു. നിയമവിരുദ്ധമായി മരം മുറിച്ചതിനെതിരെ വനം വകുപ്പിന് പരാതി നൽകുമെന്ന് എൽ.ഡി.എഫ് കൗൺസിലർ എം.കെ. ബാനർജി അറിയിച്ചു.