cusat

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ബയോളജി വകുപ്പിലെ ഗവേഷകർ പുതിയയിനം ജലക്കരടിയെ (ടാർഡിഗ്രേഡ്)തമിഴ്നാട്ടിലെ മണ്ഡപം തീരത്ത് കണ്ടെത്തി. 2023ൽ ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ ചന്ദ്രയാൻ 3നോടുള്ള ആദരസൂചകമായായി സൂക്ഷ്മജീവിക്ക് ബാറ്റിലിപ്‌സ് ചന്ദ്രയാനി എന്ന് പേരിട്ടു.
സൂക്ഷ്മജലജീവിയായ ടാർഡിഗ്രേഡ് ഭൂമിയിലെ ഏറ്റവും കഠിനമായ പാരിസ്ഥിതിക സാഹചര്യത്തെ അതിജീവിക്കാൻ കെൽപ്പുള്ളവയാണ്. 1300ൽപ്പരം ജീവികൾ ഉൾപ്പെടുന്ന ടാർഡിഗ്രേഡ എന്ന വർഗത്തിൽ ഉൾപ്പെടുന്നതാണ് പുതിയ ജീവിവർഗം. ബാറ്റിലിപ്പസ് ജനുസിലെ 39-ാമത്തെ ഇനമാണ് ബാറ്റിലിപ്‌സ് ചന്ദ്രയാനി.
ഗവേഷക വിദ്യാർത്ഥിയായ എൻ.കെ. വിഷ്ണുദത്തനും സീനിയർ പ്രൊഫസറും ഡീനുമായ ഡോ. എസ്. ബിജോയ് നന്ദനുമാണ് സൂക്ഷ്മജീവിയെ കണ്ടെത്തിയത്. ഇത് മൂന്നാം തവണയാണ് ഇന്ത്യൻ കടലിൽനിന്ന് ടാർഡിഗ്രാഡിനെ ശാസ്ത്രീയമായ വർഗീകരണത്തിലൂടെ വിവരിക്കുന്നത്.
ടാർഡിഗ്രേഡുകളെക്കുറിച്ചുള്ള പര്യവേഷണം ഇന്ത്യയിൽ വികസിക്കുന്ന ഘട്ടത്തിലാണെന്ന് കുസാറ്റിലെ ഗവേഷണ സംഘത്തലവനും കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുമായ ഡോ. എസ്. ബിജോയ് നന്ദൻ പറഞ്ഞു.