1

പള്ളുരുത്തി: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കോണം നിവാസികൾ കരുവേലിപ്പടി ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറെ ഉപരോധിച്ചു. കഴിഞ്ഞ ഒന്നര മാസത്തിലധികമായി പൈപ്പിലൂടെ കുടിവെള്ളമെത്തിയിട്ടെന്ന് നാട്ടുകാർ പറഞ്ഞു. കട്ടത്തറ കൃഷ്ണൻ റോഡ്, കോണം തെക്ക്, പടിഞ്ഞാറ് മേഖലകളിലെല്ലാം രൂക്ഷമായ കുടിവെള്ള ക്ഷാമമാണെന്ന് സമരക്കാർ പറഞ്ഞു. ഇന്നലെ രാവിലെ സ്ത്രീകളുൾപ്പെടെയുള്ള പ്രദേശവാസികൾ പ്രതിഷേധമുയർത്തി ജല അതോറിറ്റി ഓഫീസിൽ എത്തുകയായിരുന്നു. തുടർന്ന് അസി.എക്സി ക്യുട്ടീവ് എൻജിനിയറുടെ മുറിയിൽ കയറിയ ഇവർ സമരം തുടർന്നു. കോണം പ്രദേശത്തെ ജലക്ഷാമം അടിയന്തരമായി പരിഹരിക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതോടെ സമരം അവസാനിച്ചു. കെ.എ. അഫ്സൽ, കെ.എസ്. സഞ്ജയ് കുമാർ എന്നിവർ നേതൃത്വം നൽകി.

ഡിവിഷൻ കൗൺസിലർ അശ്വതി വത്സനോട് പല തവണ പരാതി പറഞ്ഞിട്ടും ടാങ്കർ ലോറി വെള്ളം എത്തിക്കാൻ പോലും തയ്യാറായില്ലെന്നാണ് സമീപവാസികൾ പറഞ്ഞു. നിലവിൽ വീട്ടുകാർ ചേർന്ന് പിരിവിട്ട് ഒരു ടാങ്കർ ലോറി വെള്ളം ആയിരം രൂപ കൊടുത്ത് വാങ്ങുകയാണ്. പൈപ്പിലൂടെ വല്ല പ്പോഴും വരുന്ന വെള്ളം അഴുക്ക് നിറഞ്ഞതാണെന്നും വ്യാപക പരാതിയാണ്. സ്ഥലം എം.എൽ.എ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.