കൊച്ചി: പൊടിപിടിച്ച് പഴകിയ രാജസ്ഥാൻ പുതപ്പ് നൽകി ഉപഭോക്താവിനെ കബളിപ്പിച്ച വ്യാപാരി 28,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്. എറണാകുളം കലൂർ സ്വദേശിനി റിനു അശ്വിനാണ് രാജസ്ഥാൻ ജയ്സാൽമറിലെ രാജസ്ഥാൻ ഹാൻഡ്ലൂം ആൻഡ് ഹാൻഡ് ക്രാഫ്റ്റിനെതിരെ കമ്മിഷനെ സമീപിച്ചത്.
രാജസ്ഥാനിലെ ജയ്സാൽമർ രാജകുമാരന്റെയും ബികാനീർ രാജകുമാരിയുടെയും പ്രണയകഥ ആലേഖനം ചെയ്ത പുതപ്പിനും നീല സാരിക്കുമായിരുന്നു ഓൺലൈൻ ഓർഡർ നൽകിയത്. യഥാക്രമം 2850 രൂപയും 3500 രൂപയും വിലയായി അക്കൗണ്ടിലേക്ക് നൽകി. ലഭിച്ചത് പഴകി പൊടിയും അഴുക്കും പിടിച്ച പുതപ്പു മാത്രമാണ്. പരാതികൾക്കായി വിളിച്ചപ്പോൾ റിനുവിന്റെയും വീട്ടുകാരുടെയും ഫോൺ നമ്പറുകൾ രാജസ്ഥാൻ ഹാൻഡ്ലൂം ബ്ളോക്ക് ചെയ്തു. വക്കീൽ നോട്ടീസുകൾ സ്വീകരിക്കാതെ മടക്കി അയച്ചു. ഉപഭോക്തൃ കമ്മിഷന്റെ നോട്ടീസ് ഇവർ കൈപ്പറ്റിയെങ്കിലും മറുപടി അയച്ചില്ല. ഹാജരായതുമില്ല. തുടർന്നാണ് എക്സ് പാർട്ടി വിധിയുണ്ടായത്.
നഷ്ടപരിഹാരത്തിനൊപ്പം വിലയായി നൽകിയ 6,350 രൂപയും മടക്കി നൽകണം. 45 ദിവസത്തിനകം കൈമാറിയില്ലെങ്കിൽ ലഭ്യമാകുംവരെയുള്ള 9 ശതമാനം പലിശയും നൽകണം. വ്യാപാരിയുടെ നടപടി സേവനത്തിലെ വീഴ്ചയും അധാർമ്മിക വ്യാപാര രീതിയുമാണെന്ന് ഉപഭോക്തൃ കമ്മിഷൻ പ്രസിഡൻറ് ഡി.ബി. ബിനു, മെംബർമാരായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് കണ്ടെത്തി.
പരാതിയുണ്ടെങ്കിൽ ഓൺലൈനായി ഓർഡർ നൽകിയ സ്ഥലം, ഉപഭോക്താവിന്റെ വിലാസം, ജോലി സ്ഥലം തുടങ്ങിയ സ്ഥലങ്ങളുടെ പരിധിയിലുള്ള തർക്കപരിഹാര കമ്മിഷനുകളെ സമീപിക്കാം. കമ്മിഷൻ വിധി നടപ്പാക്കിയില്ലെങ്കിൽ വ്യാപാരിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും സ്വത്തുക്കൾ അറ്റാച്ച് ചെയ്യുവാനും കമ്മിഷന് സാധിക്കും.
ഡി.ബി.ബിനു
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ്
എറണാകുളം