s

കൊച്ചി: കൊച്ചി സർവകലാശാലയുടെ (കുസാറ്റ്) രജിസ്ട്രാറായി ഡോ.വി ശിവാനന്ദൻ ആചാരി ചുമതലയേറ്റു. സ്‌കൂൾ ഒഫ് എൻവയോൺമെന്റൽ സ്റ്റഡീസ് മുൻ ഡയറക്ടറും മുൻ സിൻഡിക്കേറ്റ് അംഗവുമാണ്. ഡോ. മീര വി. ഏപ്രിൽ 29ന് പദവിയൊഴിഞ്ഞിരുന്നു.

കുസാറ്റിൽ 23 വർഷത്തെ അദ്ധ്യാപന, ഗവേഷണ പരിചയമുള്ള അക്കാഡമിക വിദഗ്ദ്ധനായ ഡോ. ആചാരി, ഫാക്കൽറ്റി ഒഫ് എൻവയോൺമെന്റൽ സ്റ്റഡീസ് മേധാവി, യു.ജി.സി-എസ്.എ.പി-ഡി.ആർ.എ റിസർച്ച് പ്രോഗ്രാമിന്റെ കോ ഓർഡിനേറ്റർ, ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാൻ, വ്യവസായ പാരിസ്ഥിതിക വിഷയങ്ങളിൽ കൺസൾട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കേരള സർവകലാശാലയിൽ നിന്ന് എം.എസ്സി അനലിറ്റിക്കൽ കെമിസ്ട്രിയിൽ രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ഡോ. ആചാരി എം.ഫിൽ, പി.എച്ച്.ഡി എന്നിവയ്ക്ക് ശേഷം നെതർലൻഡ്‌സിലെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഒഫ് ഡെൽഫ്റ്റിൽ നിന്ന് രണ്ട് തവണ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തി.

12 പി.എച്ച്.ഡികൾക്ക് മെന്ററായി പ്രവർത്തിച്ച അദ്ദേഹം സ്‌കൂൾ ഒഫ് എൻവയോൺമെന്റൽ സ്റ്റഡീസിൽ ഉന്നതതല ഗവേഷണം സാദ്ധ്യമാക്കുന്ന ഉപകരണങ്ങൾ വാങ്ങുന്നതിൽ പ്രധാന പങ്കുവഹിച്ചു. കാർബൺ, സുഷിര വസ്തുക്കൾ എന്നീ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള കാര്യക്ഷമത പരിശോധിക്കുന്നതിനായി ഫിസിക്കൽ കെമ്‌സ്ട്രിയിൽ ജോൺ-ശിവാനന്ദൻ ആചാരി എന്ന സമവാക്യം അദ്ദേഹം കണ്ടുപിടിച്ചു. സ്വന്തം പേരിൽ സമവാക്യമുള്ള സംസ്ഥാനത്തെ ഏക അക്കാഡമിക വിദഗ്ദ്ധനാണ്.

ഭാര്യ: ഡോ.വി.ആർ. ബിന്ദുമോൾ (അനസ്‌തേഷ്യ കൺസൾട്ടന്റ്, മട്ടാഞ്ചേരി വിമൻ ആൻഡ് ചിൽഡ്രൻ ആശുപത്രി). മക്കൾ: ആദിത്യശ്രീ ഹരികേശവ് ആചാരി (രണ്ടാം വർഷ ബി.ടെക് ഇലക്ട്രോണിക്‌സ് വിദ്യാർത്ഥി, രാജഗിരി), ആദിത്യശ്രീറാം ശിവദേവ് ആചാരി (പ്ലസ് ടു, ചിന്മയ വിദ്യാലയ, തൃപ്പൂണിത്തുറ)