കൊച്ചി: കലാസാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതി സംസ്ഥാന സമ്മേളനം അഞ്ചിന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നർത്തകി വിനീത നെടുങ്ങാടി സമ്മേളനം ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ ടി.കെ. ശങ്കരനാരായണൻ മുഖ്യപ്രഭാഷണവും സാഹിതീയം 2024 സപ്ലിമെന്റ് പ്രകാശനവും നടത്തും. കാവ്യസാഹിതി ബുക്‌സ് പ്രസിദ്ധീകരിച്ച അഞ്ചു പുസ്തകങ്ങളുടെ പ്രകാശനം, സദാനന്ദപ്പുലവർ അവതരിപ്പിക്കുന്ന നാടോടിപ്പാട്ട്, ഗീത അച്യുതൻ നയിക്കുന്ന തിരുവാതിര, കവിയരങ്ങ് എന്നിവ നടക്കും. സമാപന സമ്മേളനം പാക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്യും. 2024ലെ കാവ്യ സാഹിതീ പുരസ്‌കാരം രോഷ്‌നി സ്വപ്നക്ക് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ സമ്മാനിക്കും. 20001 രൂപയും പ്രശസ്തി പത്രവും വെങ്കലശില്പവുമാണ് പുരസ്കാരം. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങളും സമ്മാനിക്കും.വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കാവാലം അനിൽ, ജനറൽ സെക്രട്ടറി സുഷമ ശിവരാമൻ, ബിന്ദു ദിലീപ് രാജ്, സുചിത്ര വി. പ്രഭു, രാജഗോപാൽ പുന്നപ്ര എന്നിവർ പങ്കെടുത്തു.