
കൊച്ചി: കർണാടകയിൽ കടുത്ത ജലക്ഷാമംമൂലം മൈസൂരുവിൽ നെൽക്കൃഷി മുടങ്ങിയത് അടുത്ത ഓണക്കാലത്ത് കേരളത്തിൽ മട്ട അരിയുടെ (കുത്തരി) ലഭ്യതയെ സാരമായി ബാധിച്ചേക്കും. കിലോയ്ക്ക് 10 രൂപവരെ വില കൂടാനും സാദ്ധ്യത. കേരളത്തിലേക്ക് മട്ട അരി പ്രധാനമായും എത്തുന്നത് മൈസൂരുവിൽ നിന്നാണ്. മൈസൂരു ജില്ലയിൽ ഒരു ലക്ഷം ഹെക്ടറിൽ നെൽക്കൃഷിയുണ്ട്. അത് പൂർണമായും കേരള വിപണിയെ ലക്ഷ്യമിട്ടാണ്.
കുടിവെള്ളക്ഷാമം കണക്കിലെടുത്ത് മൈസൂരുവിൽ കാവേരിനദിയിലെ കൃഷ്ണരാജ സാഗർ, കബിനി തുടങ്ങിയ അണക്കെട്ടുകളിൽ നിന്ന് ഇത്തവണ കൃഷിക്ക് വെള്ളം വിട്ടുനൽകിയില്ല. ഇതുമൂലം മേയ്, ജൂൺ മാസങ്ങളിൽ വിളവെടുക്കേണ്ട നെൽക്കൃഷി ഉപേക്ഷിച്ചു. ഈ വിളവെടുപ്പിലെ അരിയാണ് ഓണക്കാലത്ത് കേരളത്തിൽ എത്തേണ്ടത്. സംസ്ഥാനത്തെ വൻകിട മില്ലുകൾ നേരിട്ട് സംഭരിക്കുന്ന നെല്ല് തൊട്ടടുത്ത മാസങ്ങളിൽ അരിയാക്കി വിവിധ ബ്രാൻഡുകളിൽ വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നത്.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഒഡീഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ അരി എത്തുന്നുണ്ട്. എന്നാൽ, കുത്തരിയുടെ പ്രധാന ഉറവിടം കർണാടകമാണ്. ആകെ ആവശ്യമുള്ളതിന്റെ ആറിലൊന്നു മാത്രമാണ് കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം.
കേരളത്തിൽ അരി ഉപഭോഗം
40 ലക്ഷം ടൺ
പ്രതിവർഷം
16 ലക്ഷം ടൺ
റേഷൻകട വഴി
24 ലക്ഷം ടൺ
പൊതുവിപണിയിൽ
കേരളത്തിൽ പ്രധാനമായും
ഉപയോഗിക്കുന്നത്
വെള്ളഅരി (ജയ, സുരേഖ, ജ്യോതി).......60%
മട്ട അരി........................................................40%