പറവൂർ: പെരിയാറിന് കുറുകെ പറവൂർ പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ ദേശീയപാത പാലത്തിന്റെ ഉയരക്കുറവ് പരിഹരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പാലത്തിന് ഗർഡർ സ്ഥാപിച്ചതോടെയാണ് ഉയരക്കുറവ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതുസംബന്ധിച്ച നിരവധി പരാതികൾ പ്രതിപക്ഷനേതാവിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരുടെ ആശങ്ക പരിഹരിക്കണമെന്ന് പ്രതിപക്ഷനേതാവ് ജില്ലാകളക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. നിലവിലുള്ള പറവൂർ പാലത്തിന് ജലനിരപ്പിൽ നിന്ന് ഏഴ് മീറ്റർ ഉയരമുണ്ട്. പുതിയ പാലത്തിന് 2.75 മീറ്ററാണ് ഉയരമുള്ളത്. പാലത്തിന്റെ ഉയരക്കുറവ് മൂലം മുസിരിസ് ബോട്ട് യാത്ര സാധിക്കില്ല. മഴക്കാലത്ത് ജലനിരപ്പ് കൂടുമ്പോൾ വഞ്ചിക്ക് പോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥ വരും. പുഴയുടെ വീതികുറച്ചാണ് പുതിയപാലം നിർമ്മിച്ചിട്ടുള്ളതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഈ വിഷയം ചർച്ച ചെയ്യാൻ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറുടെ ചേംബറിൽ യോഗം വിളിച്ചിട്ടുണ്ട്. ജനപ്രതിനിധികളും ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥരും പങ്കെടുക്കും. പറവൂർ മേഖലയിൽ നിർമ്മിക്കുന്ന എല്ലാ പാലത്തിന്റേയും ഉയരവും പുഴകളുടെ വീതിയും അടിയന്തരമായി പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് ജില്ലാകളക്ടർക്ക് നിർദേശം നൽകിയതായി പ്രതിപക്ഷനേതാവ് അറിയിച്ചു.