kc-venugopal

കൊച്ചി: ഒന്നര പതിറ്റാണ്ടിന് ശേഷം കെ.പി.സി.സി നാടക സമിതി സാഹിതി തിയേറ്റേഴ്‌സിന്റെ തിരശീല ഉയർന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ 'മുച്ചീട്ടുകളിക്കാരന്റെ മകൾ' എന്ന നാടകം അവതരിപ്പിച്ചുകൊണ്ടായിരുന്നു മടങ്ങിവരവ്. എറണാകുളം പി.ഒ.സിയിൽ നടന്ന നാടകാവതരണം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. തുറന്നു പറയാനും എഴുതാനും കലാകാരന്മാരും എഴുത്തുകാരും മടിക്കുകയാണെന്നും അങ്ങനെ ചെയ്താൽ ജീവൻ ബാക്കിയുണ്ടാകുമോ എന്ന ഭയമാണ് ഫാസിസ്റ്റ് കാലം അവർക്ക് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. സാഹിതി തിയേറ്റേഴ്‌സ് ഒരു സ്വതന്ത്ര സംരംഭമായിത്തന്നെ നിലനിൽക്കുമെന്നും പാർട്ടിയുടെ ഒരിടപെടലുകളും അനാവശ്യമായി ഉണ്ടാവില്ലെന്നും വേണുഗോപാൽ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ, സി.ആർ. മഹേഷ് എം. എൽ. എ, സിബി മലയിൽ തുടങ്ങിയവരും പങ്കെടുത്തു. ഹേമന്ത് കുമാറിന്റെ 'ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി' എന്ന നാടകത്തിന്റെ പുസ്തക പ്രകാശനവും കെ.സി. വേണുഗോപാൽ നിർവഹിച്ചു.