കൊച്ചി: ആട്ടവും പാട്ടും കലാപ്രകടനങ്ങളും കായിക മത്സരങ്ങളുമൊക്കെയായി ആവേശകരമായിരുന്നു കേരളകൗമുദിയുടെ കുടുംബസംഗമം. സിനിമാ മേഖലയിലെയും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെയും പ്രമുഖരുടെ സാന്നിദ്ധ്യംകൂടിയായപ്പോൾ ചടങ്ങ് ഉത്സവച്ഛായയിലായി. വൈകിട്ട് നാലുമുതൽ ജീവനക്കാർ കുടുംബസമേതമെത്തിയത് മുതൽ ആഘോഷങ്ങൾ തുടങ്ങി. പരിചയപ്പെടുത്തൽ ചടങ്ങിനുശേഷം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടകനായ ഔദ്യോഗികചടങ്ങ്. മുഖ്യാതിഥികളായി നടന്മാരായ മണികണ്ഠൻ ആചാരിയും ഗോവിന്ദ് വി. പൈയും എത്തിയതോടെ സംഗതി കളറായി.
വർണാഭമായ അന്തരീക്ഷത്തിൽ ഓരോ മണിക്കൂറിലും ജീവനക്കാർക്കായുള്ള നറുക്കെടുപ്പും സമ്മാന വിതരണവുമെല്ലാം കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. പിന്നാലെ ജീവനക്കാരുടെ ജോലിക്കിടയിലെ നിമിഷങ്ങൾ കോർത്തിണക്കിയുള്ള ട്രോൾവീഡിയോ മുഖ്യാതിഥികൾക്കിടയിലും ചിരി പടർത്തി. തുടർന്ന് കൗമുദി ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. കലാപരിപാടികൾക്കിടയിലും ഓരോ മണിക്കൂറിലും നറുക്കെടുപ്പ് നടന്നുകൊണ്ടേയിരുന്നു.
ഇതിനുശേഷം വളയമേറ് മത്സരവും പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും കസേരകളിയുമെല്ലാം ആവേശത്തോടെയാണ് നടന്നത്. വിവിധ വിഭാഗങ്ങൾ തമ്മിലുള്ള വാശിയേറിയ വടംവലി മത്സരത്തിൽ പരസ്യവിഭാഗം ജേതാക്കളായി.
ജീവനക്കാർക്കെല്ലാവർക്കും കേരളകൗമുദിയുടെ സ്‌നേഹസമ്മാനവും ഒരുക്കിയിരുന്നു. രാത്രി പത്തുവരെ നീണ്ട ആഘോഷങ്ങൾക്കൊടുവിൽ സ്‌നേഹവിരുന്നിലും പങ്കെടുത്താണ് എല്ലാവരും മടങ്ങിയത്.