accident-
മുട്ടത്ത് ലോറി മെട്രോ തൂണിലിടിച്ചുണ്ടായ അപകടം

ആലുവ: മുട്ടത്ത് ലോറി മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. ആന്ധ്രപ്രദേശ് നെല്ലൂർ സ്വദേശികളായ മല്ലികാർജുൻ (42), ഷേക്ക് ഹബീബ് ബാഷ (49) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. ആന്ധ്രയിൽനിന്ന് ആലപ്പുഴയിലേക്ക് ചെമ്മീനുമായിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. ലോറിയുടെ കാബിൻഭാഗം പൂർണമായും തകർന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. 187 എൽ നമ്പർ മെട്രോ പില്ലറിലാണ് ലോറി ഇടിച്ചുകയറിയത്. അപകടത്തിൽപ്പെട്ട ലോറി കാണാൻ നിറുത്തിയ കാറിന് പിന്നിൽ മറ്റൊരു കാറിടിച്ചും അപകടമുണ്ടായി. മൃതദേഹങ്ങൾ ആലുവ ജില്ലാ ആശുപത്രിയിൽ.

* 187-ാം നമ്പർ പില്ലർ കവർന്നത് അഞ്ച് ജീവൻ

മുട്ടം മെട്രോ സ്റ്റേഷന് സമീപമുള്ള 187-ാം നമ്പർ പില്ലർ ഇതേവരെ അഞ്ചുപേരുടെ ജീവനെടുത്തു. ഓട്ടോറിക്ഷയിൽ എത്തിയ അച്ഛനും മകളും വാഹനം നിറുത്തി അവിടെയുള്ള കടയിൽനിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ നിയന്ത്രണം വിട്ടു വന്ന കാർ ഓട്ടോയിൽ ഇടിച്ച് അപകടമുണ്ടാക്കിയിരുന്നു. ഓട്ടോയ്ക്ക് സമീപം ഉണ്ടായിരുന്ന അച്ഛനെയും മകളെയും ഒരു നാട്ടുകാരനെയും ഇടിച്ച വാഹനം തൂണിലിടിച്ചാണ് നിന്നത്. ഒരുവർഷംമുമ്പ് നടന്ന സംഭവത്തിൽ അച്ഛനും മകളും പ്രദേശവാസിയും മരിച്ചു. വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ ആന്ധ്ര സ്വദേശികളാണ് മരിച്ചത്. ദേശീയപാതയ്ക്ക് ഈ ഭാഗത്തുള്ള വളവാണ് അപകട കാരണമെന്നാണ് ആരോപണം.