* സംഭവം അല്ലപ്രയിലെ കൊയ്നോണിയ മിഷൻ ഹോസ്പിറ്റലിൽ

* നടപടി വൈദ്യുതി ബില്ലടക്കാത്തതിന്റെ പേരിൽ

പെരുമ്പാവൂർ: അല്ലപ്രയിൽ പ്രവർത്തിക്കുന്ന കൊയ്നോണിയ മിഷൻ ഹോസ്പിറ്റലിൽ ഡയാലിസിസ് നടത്തുന്നതിനിടെ കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി വിച്ഛേദിച്ചത് രോഗികളെ വലച്ചു. ഇന്നലെ രാവിലെ 9.30 ഓടെ ആയിരുന്നു സംഭവം.

വിവരമറിഞ്ഞ വെങ്ങോല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ പി.പി. എൽദോസ് പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കലുമായി ബന്ധപ്പെട്ടു. അസി.എൻജിനിയറെ വിളിച്ച് താനും എൽദോസ് കുന്നപ്പള്ളി എം.എൽ.എയും സംഭവത്തിന്റെ ഗൗരവമറിയിച്ചിട്ടും വൈദ്യുതി പുന:സ്ഥാപിക്കാൻ തയ്യാറായില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തുടർന്ന് ഇരുവരുടേയും നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു.

ആശുപത്രി അധികൃതർ പറയുന്നത്:

വൈദ്യുതി ബില്ലടക്കാത്തതിന്റെ പേരിൽ മുന്നറിയിപ്പൊന്നുമില്ലാതെയായിരുന്നു നടപടി. ബാങ്ക് അവധി ദിവസമായതിനാൽ ബുധനാഴ്ച ബില്ല് അടക്കുവാൻ ആശുപത്രിയിൽനിന്ന് ചെക്കുമായി കെ.എസ്.ഇ.ബി ഓഫീസിൽ എത്തിയെങ്കിലും അവിടെയുണ്ടായിരുന്ന ജീവനക്കാർ വ്യാഴാഴ്ച അടച്ചാൽ മതിയെന്നുപറഞ്ഞ് മടക്കിവിട്ടു. എന്നാൽ ഇന്നലെ രാവിലെതന്നെ ആശുപത്രിയിൽ എത്തി ഉദ്യോഗസ്ഥർ വൈദ്യുതിബന്ധം വിച്ഛേദിക്കുകയായിരുന്നു. ആശുപത്രിയിലെ ജനറേറ്റർ തകരാറായിരുന്നതിനാൽ ഡയാലിസിസ് മുടങ്ങി. രോഗികൾക്ക് ഏറ്റവും കുറഞ്ഞനിരക്കിൽ ഡയാലിസിസ് നടത്തുന്ന ജീവകാരുണ്യ സ്ഥാപനമാണിത്.

തെറ്റായ പ്രചാരണം

ബിൽ അടക്കേണ്ട തീയതി കഴിഞ്ഞെന്നും വൈദ്യുതി ഏതുസമയത്തും വിച്ഛേദിക്കാമെന്നുമുള്ള കാര്യം നാലുദിവസം മുമ്പ് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. എന്നിട്ടും ബില്ല് അടക്കാതെ വന്നപ്പോൾ നിയമപരമായി നടപടി സ്വീകരിക്കുകയായിരുന്നു. ആശുപത്രിയിൽ ജനറേറ്റർ സംവിധാനമുണ്ട്. ഡയാലിസിസ് മുടങ്ങിയെന്നത് തെറ്റായ പ്രചാരണമാണ്. ഇന്നലെ ബിൽത്തുക അടച്ച ഉടനെ വൈദ്യുതിബന്ധം പുന:സ്ഥാപിച്ചു.

ദീപ കെ. രാജൻ,

അസി. എൻജിനിയർ,

കെ.എസ്.ഇ.ബി വെങ്ങോല ഡിവിഷൻ