കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ സർക്കുലറിനെതിരായ ഹർജികളിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടാകും. സർക്കുലർ സ്റ്റേ ചെയ്യണമെന്നതാണ് ഇടക്കാല ആവശ്യം. ട്രാൻസ്‌പോർട്ട് കമ്മിഷണർ ഇറക്കിയ സർക്കുലറിനെതിരെ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും പരിശീലകരും നൽകിയ ഹർജികൾ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. സർക്കുലർ കേന്ദ്ര നിയമത്തിനു വിരുദ്ധമാണെന്നും കേന്ദ്ര മോട്ടോർ വാഹനച്ചട്ടത്തിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും ഹർജിക്കാർ വാദിക്കുന്നു. കേന്ദ്ര മോട്ടോർ വാഹനച്ചട്ടത്തിലെ നിർദ്ദേശങ്ങൾ നടപ്പാക്കുകയാണ് ചെയ്തതെന്ന് സർക്കാരും വാദിക്കുന്നു.