malayidikkal
മൂവാറ്റുപുഴ വില്ലേജിലെ ആവോലി പഞ്ചായത്തിൽ ഒന്നര എക്കറോളം വരുന്ന മല ഇടിച്ചു നിരത്തിയനിലയിൽ

മൂവാറ്റുപുഴ: തി​രഞ്ഞെടുപ്പു സമയം മുതലാക്കി മൂവാറ്റുപുഴയിൽ മലയിടിക്കലും മണ്ണു വിൽപനയും വൻ തോതിൽ വ്യാകമായെന്ന് ആക്ഷേപം.

മൂവാറ്റുപുഴ വില്ലേജിലെ ഒന്നര എക്കറോളം വരുന്ന മല ഇടിച്ചു നിരത്തലാണ് ഇപ്പോൾ പ്രധാന വിവാദ വിഷയം. ആവോലി പഞ്ചായത്തിൽ എച്ച്.എം. കോളേജിന് സമീപം ഒരു എക്കറിന് മുകളിൽ വരുന്ന സ്ഥലമാണ് മൂവാറ്റുപുഴയിൽ തി​രഞ്ഞെടുപ്പ് തിരക്കിന്റെ മറവിൽ മണ്ണ് മാഫിയ ഇടിച്ചു നിരത്തി മണ്ണ് കടത്തിക്കൊണ്ട് പോകുന്നത്. ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട അധികാരികളുടെയും അറിവോടും സഹകരണത്തോടെയുമാണ് ആഴ്ചകളോളം നീണ്ടുനിന്ന ഈ മലയിടിക്കൽ നടന്നതെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ ആരോപിക്കുന്നു. അതേസമയം എല്ലാ നിയമനടപടികളും പൂർത്തീകരിച്ച് സാധാരണക്കാരൻ വീടുവയ്ക്കുന്നതിന് അല്പം മണ്ണ് എടുത്താൽ ഉടൻ പൊലീസിന്റെ പിടിവീഴുമെന്ന് നാട്ടകാർ പറയുന്നു. കുറഞ്ഞത് രണ്ട് ദിവസമെങ്കിലും വാഹനം പൊലീസ് പിടിച്ചുവയ്ക്കും.

....................................

നെൽവയലുകളും തണ്ണീർപ്പാടങ്ങളും നികത്തുന്നതും മൂവാറ്റുപുഴയിൽ വീണ്ടും സജീവമായിരിക്കുകയാണ്. മൂവാറ്റുപുഴയിലും പരിസരപ്രദേശത്തും കുന്നിടിക്കലും മണ്ണ് കടത്തലും വ്യാപകമായി.

ഗ്രീൻ പീപ്പിൾ അധികൃതർ

അധികൃതർക്ക് പരാതി​ നൽകി​

മൂവാറ്റുപുഴയിലെ അവശിഷ്ട മലകളും തണ്ണീർ തടങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ ജില്ലാ കളക്ടർക്കും മറ്റു അധികൃതർക്കും പരാതി നൽകിയിട്ടുണ്ടെന്ന് ഗ്രീൻ പീപ്പിൾ പ്രതിനിധികളായ അസീസ് കുന്നപ്പിള്ളിയും ജ്യോതിഷ് കുമാറും പറഞ്ഞു.