നെടുമ്പാശേരി: ചൊവ്വര കൊണ്ടോട്ടിയിൽ യുവാക്കളെ ആക്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിലായി. മലപ്പുറം കച്ചേരിപ്പടി വലിയോറ മണാട്ടിപ്പറമ്പ് പറക്കോടത്ത് മുഹമ്മദ് ഫൈസൽ (38), ചേർത്തല കുത്തിയതോട് ബിസ്മി മൻസിലിൽ സനീർ (31), തൃക്കാക്കര കുസുമഗിരി കുഴിക്കാട്ട്മൂലയിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശി സിറാജ് (37), ചാവക്കാട് തളിക്കുളം പണിക്കവീട്ടിൽ മുബാറക്ക് (33), തിരൂരങ്ങാടി ചേറൂർ കണ്ണമംഗലം പറമ്പത്ത് സിറാജ് (36) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ കൊണ്ടോട്ടി ബസ് സ്റ്റോപ്പിനു സമീപം സംസാരിച്ചിരുന്നവരെയാണ് ഇരുചക്ര വാഹനത്തിലും കാറിലുമായെത്തിയ സംഘം ആക്രമിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു. ശ്രീമൂലനഗരം മുൻപഞ്ചായത്തംഗം സുലൈമാൻ, ചൊവ്വര കൊണ്ടോട്ടി സ്വദേശി സിദ്ദീഖ് എന്നിവരുടെ പരിക്ക് ഗുരുതരമാണ്. മാരകായുധങ്ങളുമായി എത്തിയവർ ആക്രമണം അഴിച്ചുവിട്ടതോടെ എല്ലാവരും ചിതറിയോടി. ഓടാൻ കഴിയാതെ നിന്ന സുലൈമാനെ തലയ്ക്കടിച്ചു വീഴ്ത്തി. ചുറ്റിക ഉപയോഗിച്ച് തല തല്ലിത്തകർത്തു. സിദ്ദീഖിന്റെ പുറത്ത് വടിവാൾകൊണ്ട് വെട്ടേറ്റു.

താടിയെല്ല് തകർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച സുലൈമാനെ ആലുവ രാജഗിരി ആശുപത്രിയിൽ ഇന്നലെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറും അക്രമി സംഘം അടിച്ചു തകർത്തു.

വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇൻസ്പെക്ടർ ടി.സി മുരുകന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.