driving

കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി. സുരക്ഷയാണ് മുഖ്യലക്ഷ്യമെന്നും വ്യക്തമാക്കി. സർക്കുലർ ഇറക്കിയത് ഗതാഗത കമ്മിഷണറുടെ അധികാര പരിധിയിൽ നിന്നാണെന്നും, കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങളുടെയോ ചട്ടങ്ങളുടെയോ ലംഘനമില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ലേണേഴ്സ് ടെസ്റ്റ് പാസായി കാത്തിരിക്കുന്നവർക്കും പുതിയ രീതി ബാധകമാണ്.

പരിഷ്കരണം നിയമവിരുദ്ധമാണെന്ന് കാട്ടി ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും തൊഴിലാളി സംഘടനയും നൽകിയ ഹർജികൾ വിശദവാദത്തിനായി 21ലേക്ക് മാറ്റി. അപകടങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് കുറ്റമറ്റതാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സർക്കുലറെന്ന് കോടതി വിലയിരുത്തി. മോട്ടോർ വാഹന ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്നും ഉദ്യോഗസ്ഥതലത്തിൽ സംസ്ഥാനത്തിറക്കുന്ന സർക്കുലർ നിയമവിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു.

കേരള മോട്ടോർ വാഹന നിയമത്തിലെ 213-ാം വകുപ്പും 405-ാം ചട്ടവും അനുസരിച്ച് ഗതാഗത കമ്മിഷണ‌ർക്ക് ഇത്തരം നടപടികൾക്ക് അധികാരമുണ്ടെന്ന് കോടതി പറഞ്ഞു. 2013ൽ ഡ്രൈവിംഗ് സ്‌കൂളുകളുടെ നിലവാരം സംബന്ധിച്ച് ഇറക്കിയ സർക്കുലറിനെതിരായ ഹർജികളിൽ ഹൈക്കോടതി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

 കാലത്തിന് അനുയോജ്യം

വാഹന സാങ്കേതികവിദ്യയിലെയും എൻജിനിയറിംഗിലെയും നൂതന പ്രവണതകൾ കൂടി കണക്കിലെടുത്താണ് പരിഷ്കരണ നിർദ്ദേശങ്ങളെന്ന് ഹൈക്കോടതി പറഞ്ഞു. ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളുടെ അടിസ്ഥാന നിലവാരമുയർത്താൻ കേന്ദ്ര മോട്ടോർ വാഹന ചട്ടം 31ൽ പറയുന്ന കാര്യങ്ങളുമായി പൊരുത്തപ്പെടുന്ന തീരുമാനമാണിത്. ഡ്രൈവിംഗ് ടെസ്റ്റിന്റെ നിലവാരം ഉയർത്താനും അപകടസാദ്ധ്യത കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള നടപടികൾ തടയാനാകില്ല.