കൊച്ചി: ക്യാമ്പസുകളിൽ വ്യവസായ പാർക്കെന്ന സംസ്ഥാന സർക്കാർ പദ്ധതിയിലെ ആദ്യ സർക്കാരിതര സംരംഭം മുവാറ്റുപുഴ ഇലാഹിയ കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ (ഐ.സി.ഇ.ടി) ആരംഭിച്ചു. സ്റ്റാർട്ടപ്പായ ജെൻ റോബോട്ടിക്‌സാണ് പാർക്ക് ആരംഭിച്ചത്.
റോബോട്ടിക്‌സ് സാങ്കേതികവിദ്യയിൽ നിർമ്മിത ബുദ്ധി സമന്വയിപ്പിക്കാനുള്ള ഗവേഷണങ്ങളാകും നടക്കുക. മൂന്ന് കോടി രൂപ നിക്ഷേപത്തിലാണ് പാർക്ക് ആരംഭിച്ചത്.
ഐ.സി.ഇ.ടിയിൽ നടന്ന ചടങ്ങിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഒ.ഒ ടോം തോമസ് പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഐ.സി.ഇ.ടി ഡയറക്ടർ അബ്ദുൾ സലാം, മാനേജർ വി.യു സിദ്ദിഖ്, ചെയർമാൻ പി.എച്ച് മുനീർ, ജെൻ റോബോട്ടിക്‌സിന്റെ ഡയറക്ടറും സഹസ്ഥാപകനുമായ നിഖിൽ എൻ.പി എന്നിവരും പങ്കെടുത്തു.
ജെൻ റോബോട്ടിക്‌സ്
മാലിന്യക്കുഴലുകൾ വൃത്തിയാക്കുന്ന ബാൻഡികൂട്ട് എന്ന റോബോട്ടിലൂടെ പ്രശസ്തമായ കമ്പനിയാണ് ജെൻ റോബോട്ടിക്‌സ്. രാജ്യത്തെ ഏറ്റവും മികച്ച നിർമ്മിത ബുദ്ധി സ്റ്റാർട്ടപ്പുകളിൽ ആദ്യ നാലുസ്ഥാനങ്ങളിൽ ഇടം പിടിച്ച കമ്പനിയുമാണ്. ഹ്യൂമനോയിഡ്, സെമി ഹ്യൂമനോയിഡ് വിഭാഗത്തിൽപ്പെടുന്ന റോബോട്ടുകളുടെ വികസനം, വാണിജ്യവത്കരണം, നിർമ്മിത ബുദ്ധിയെ സമന്വയിപ്പിക്കൽ എന്നിവയാണ് ജെൻ റോബോട്ടിക്‌സ് പാർക്കിൽ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ ആദ്യത്തെ ഹ്യൂമനോയിഡ് ഗവേഷണ സ്ഥാപനമാണിത്. ഇന്റേൺഷിപ്പുകൾ, ഗവേഷണം, ജോലി തുടങ്ങിയവ വിദ്യാർത്ഥികൾക്കും പുറത്തുള്ളവർക്കും പാർക്കിലൂടെ നൽകും. മനുഷ്യൻ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും റോബോട്ടിക്‌സിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും പാർക്ക് പ്രവർത്തിക്കും.
പുരസ്‌കാര ജേതാക്കൾ
നിർമ്മിതബുദ്ധി, റോബോട്ടിക്‌സ് മേഖലയിൽ നേട്ടങ്ങളുമായി മുന്നേറുന്ന ജെൻ റോബോട്ടിക്‌സ് സംസ്ഥാന സർക്കാരിന്റെ പ്രൈഡ് ഒഫ് കേരള പുരസ്‌ക്കാരം നേടിയിട്ടുണ്ട്. അത്യാധുനിക മെഡിക്കൽ റോബോട്ടിക്‌സ് മുതൽ ഓയിൽ ടാങ്ക് വൃത്തിയാക്കൽ വരെ സാങ്കേതികവിദ്യാ റോബോട്ടുകളും വികസിപ്പിച്ചിട്ടുണ്ട്.
''കോളേജുകളിൽ സാങ്കേതിക ഗവേഷണകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ആദ്യ കാൽവയ്പാണിത്. അക്കാഡമിക് ഗവേഷണങ്ങൾ ഹ്യൂമനോയിഡ് റോബോട്ടിക്‌സിലേക്ക് ജെൻ റോബോട്ടിക്‌സിന്റെ മേൽനോട്ടത്തിൽ നടത്തുകയാണ് ചെയ്യുന്നത്.""
നിഖിൽ എൻ.പി
ഡയറക്ടർ
ജെൻ റോബോട്ടിക്‌സ്