r

പെരുമ്പളം: വെയിൽ കനത്തതോടെ പെരുമ്പളം പഞ്ചായത്തിലെ കർഷകർ കനത്ത പ്രതിസന്ധിയിൽ. മുഖ്യ കാർഷിക വിളകളായ നെല്ല്, തെങ്ങ്, വെറ്റില എന്നിവയുടെ ഉത്പാദനത്തിൽ കുറവു വന്നതോടൊപ്പം പാലിന്റെ ക്ഷാമവും കർഷകരെ ദുരിതത്തിലാക്കുന്നു. തേങ്ങയുടെ വിലയിടിഞ്ഞതോടെ വർഷം തോറും സമയബന്ധിതമായി ചെയ്തു വന്നിരുന്ന തടംവെട്ട്, തടംമൂടൽ, വളമിടൽ, നനയ്ക്കൽ എന്നിവയിൽ നിന്ന് കർഷകർ പിന്തിരിഞ്ഞു. വേനൽ ചൂടറ്റ് തെങ്ങുകളും അടയ്ക്കാമരങ്ങളും ഉണങ്ങിയതോടെ വരുമാനം നിലച്ചിരിക്കുകയാണ്.

പാലില്ലാതെ ക്ഷീരകർഷകർ

സുലഭമായി കിട്ടിയിരുന്ന പച്ചപ്പുല്ല് ഉണങ്ങിയതും കാലിത്തീറ്റയുടെ വിലക്കയറ്റവും മൂലം വൈക്കോലിന്റെ വില ഇരട്ടിയായി. പരിപാലന ചിലവ് വർദ്ധിച്ചതോടെ മൂന്നും നാലും പശുക്കളെ വളർത്തിയിരുന്ന ക്ഷീരകർഷകർക്ക് അവയെ വിൽക്കേണ്ടി വരുന്നു.

വെറ്റില കർഷകരും ദുരിതത്തിൽ

വെറ്റില കൃഷിക്ക് പേരുകേട്ട പെരുമ്പളത്ത് വേനൽ മഴ കിട്ടാതെ വന്നതോടെ വെറ്റില ഉത്പാദനം കുറഞ്ഞു. ആഴ്ചയിൽ 2000 മുതൽ 3000 രൂപ വരെ ലഭിച്ചിരുന്ന വരുമാനം പകുതിയായി കുറഞ്ഞു. പുതിയ കണ്ണി പൊട്ടാത്തത് കൊണ്ടാണ് ഉത്പാദനം കുറയുന്നത്. മഴ വന്നാൽ മാത്രമേ ഇതിനൊരു മാറ്റം വരൂ.

മത്സ്യത്തൊഴിലാളികൾ പട്ടിണിയിൽ

വേമ്പനാട്ടുകായലിൽ വേനൽ ചൂട് കനത്തതോടെ കായൽ മത്സ്യം നാമമാത്രമായി. പ്ലാസ്റ്റിക് മാലിന്യവും ആശുപത്രി മാലിന്യവും കായിലിൽ കുമിഞ്ഞു കൂടിയതോടെ മത്സ്യങ്ങളുടെ പ്രജനനം യഥാസമയം നടക്കുന്നില്ല. മത്സ്യം കുറഞ്ഞതോടെ കറുത്ത കക്ക വാരിയാണ് മത്സ്യത്തൊഴിലാളികൾ ഉപജീവനം കഴിക്കുന്നത്. വരുമാനം കുറഞ്ഞതോടെ തൊഴിലാളികൾ മറ്റു മേഖലയിലേക്ക് പോകുകയാണ്.

'കഴിഞ്ഞ ടേമിൽ നെൽക്കൃഷി ചെയ്തതിന്റെ സബ്സിഡി തുക നാളിതുവരെ ലഭിച്ചിട്ടില്ല. അടുത്ത പ്രാവശ്യത്തെ കൃഷിയ്ക്കായി കൃഷിഭവനിൽ 'ഉമ' നെൽവിത്ത് ലഭ്യമാണെങ്കിലും ഒരേസമയം നെൽകതിർ പൂക്കാത്തത് മൂലം 'ഉമ' വാങ്ങാൻ കർഷകർക്ക് വിമുഖതയുണ്ട്.

കെ.ആർ. സോമനാഥൻ, നെൽ കർഷകൻ