കുഞ്ഞിന്റെ രൂപത്തിലുള്ള പാവയെന്നാണ് ആദ്യനോട്ടത്തിൽ ജിതിന് തോന്നിയത്. അതിനെ മറികടന്നതും പന്തികേട് തോന്നി.പെട്ടെന്ന് കാർ ഒതുക്കി ഇറങ്ങിചെന്നപ്പോൾ കണ്ടത് ചോരക്കറ. പൊക്കിൾക്കൊടി പോലും മുറിച്ച് മാറ്റാത്ത കുഞ്ഞിന്റെ ജഡം.
പനമ്പിള്ളിനഗറിലെ ഇടറോഡിൽ ഫ്ളാറ്റിൽ നിന്ന് താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ നവജാതശിശുവിന്റെ ജഡം ആദ്യമായി കണ്ട കാർ ഡ്രൈവർ പീരുമേട് സ്വദേശി ജിതിൻ കുമാറിന്റെ വാക്കുകൾ.
ഷിപ്പ്‌യാർഡിന്റെ മറൈൻ എൻജിനീയറിംഗ് കോളേജിലെ കരാർ ഡ്രൈവറായ ജിതിൻ വിദ്യാർത്ഥികളെ ഹോസ്റ്റലിൽനിന്ന് കൊണ്ടുപോകാൻ വരികയായിരുന്നു.
പ്രധാന റോഡിൽനിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് ഈ റോഡ്.രാവിലെ 8.20 ആയിട്ടുണ്ടാവും.
ആമസോണിന്റെ പാഴ്സൽ കവറിൽ പൊതിഞ്ഞാണ് കുട്ടിയെ വലിച്ചെറിഞ്ഞതെങ്കിലും കവറും കുട്ടിയും അടുത്തടുത്തായി വേറിട്ട് കിടക്കുകയായിരുന്നു. ജനിച്ചിട്ട് അധിക നേരമായില്ലെന്ന് മനസിലായി. മറ്റുവാഹനങ്ങൾക്ക് അടിയിൽപ്പെട്ട് ചതഞ്ഞ് അരയുമെന്ന് ഭയന്നു. എതിർവശത്തെ ശാന്തിനിലയം ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ മോഡിയെ വിളിച്ചു. പിന്നാലെ പൊലീസിന്റെ എമർജൻസി നമ്പരായ 112ൽ അറിയിച്ചു. പിന്നാലെ,ശാന്തിനിലയം ഫ്ലാറ്റിലെ സെക്രട്ടറി അഖിലും മറ്റുചിലരും എത്തി. ബെഡ്ഷീറ്റുകൊണ്ടുവന്ന് മൃതദേഹം മൂടി. പൊലീസിന്റെ നിർദ്ദേശം ഇല്ലാത്തതിനാൽ മൃതദേഹത്തിൽ തൊടുകപോലും ചെയ്തില്ലെന്ന് ജിതിൻ പറഞ്ഞു. പൊലീസ് തുടർനടപടികൾ സ്വീകരിക്കുന്നതുവരെ നിതിൻ സ്ഥലത്തുണ്ടായിരുന്നു.
ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു രംഗം കാണുന്നത്. വല്ലാത്ത വിഷമവും ഭയവുമാണ് തോന്നിയത്
- ജിതിൻ കുമാർ
പ്രതി അതിജീവിത; രക്ഷിതാക്കൾ അറിഞ്ഞില്ല
മാനഭംഗത്തിന് ഇരയായ അവിവാഹിതയായ ഇരുപത്തിമൂന്നുകാരിയാണ് നവജാത ശിശുവിനെ റോഡിലെറിഞ്ഞതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ പറഞ്ഞു. ഗർഭിണിയാണെന്ന് ഒപ്പമുള്ള മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. കുറ്റകൃത്യത്തിൽ മാതാപിതാക്കൾക്ക് പങ്കില്ലെന്ന്വ്യക്തമായതായി കമ്മിഷണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ, ചാപിള്ളയായി ജനിച്ചതാണോ എന്ന് പോസ്റ്റ്മോർട്ടത്തിലേ വ്യക്തമാവൂ. മാനഭംഗത്തിന് ഇരയായതായി യുവതി മൊഴികൊടുത്തു. ഇത് മറ്റൊരു കേസായി അന്വേഷിക്കും. വീട്ടുകാരറിയാതെ ശുചിമുറിയിൽ കയറി വാതിലടച്ച് പുലർച്ചെ അഞ്ചോടെയാണ് പ്രസവിച്ചത്. മൂന്നുമണിക്കൂറിനുശേഷം എട്ടോടെ ഫ്ളാറ്റിലെ ബാൽക്കെണിയിൽ നിന്ന് കുഞ്ഞിനെ റോഡിലേക്ക് എറിഞ്ഞു.
പ്രസവശേഷമുണ്ടായ ഉൾഭയത്തിൽ നിന്നാവാം എറിഞ്ഞത്. കുഞ്ഞിന് ജീവനുണ്ടായിരുന്നോ എന്ന ചോദ്യത്തിന് പ്രതിയിൽ നിന്ന് വ്യക്തമായ മറുപടി കിട്ടിയില്ലെന്ന് കമ്മിഷണർ പറഞ്ഞു.