murder

കൊച്ചി: ചോരക്കുഞ്ഞിന്റെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് പനമ്പള്ളിനഗറിലെ വിദ്യാനഗർ ലിങ്ക് റോഡ് നിവാസികൾ. ചോരമണം മാറാത്ത കുഞ്ഞിനെ കൊലപ്പെടുത്തി റോഡിലേയ്ക്ക് വലിച്ചെറി‌ഞ്ഞതിന്റെ അമർഷത്തിലും വേദനയിലുമാണ് അവർ. ജനിച്ച് മൂന്നുമണിക്കൂറിനുള്ളിൽ കുട്ടിയെ കൊന്ന് മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ ക്രൂരതയെ ന്യായീകരിക്കാനാവില്ലെന്ന് സ്ഥലത്ത് തടിച്ചുകൂടിയവർ പറയുന്നു.

8.20 ഓടെയാണ് ആൺകുട്ടിയുടെ മൃതദേഹം റോഡിൽനിന്ന് കിട്ടിയത്. പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാത്ത ചോരയൊലിക്കുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടതിന്റെ അമ്പരപ്പിലാണ് ഫ്ലാറ്റിലെ മറ്റ് സ്ത്രീകൾ. ഒരമ്മയ്ക്കും തോന്നാത്ത ക്രൂരത എങ്ങനെ തോന്നി എന്നാണ് പലരുടേയും ചോദ്യം. കുട്ടിയുടെ അമ്മയെ പലരും കുറേനാളുകളായി കണ്ടിരുന്നില്ല. ഫ്ലാറ്റായതിനാൽ പരസ്‌പരം കാര്യമായ സഹകരണവും ഉണ്ടായിരുന്നില്ല.

ചിലർ കഴിഞ്ഞയാഴ്ച യുവതിയെ കണ്ടെങ്കിലും ഗർഭിണിയാണെന്ന് മനസിലായിരുന്നില്ല. കുട്ടിയെ വേണ്ടായിരുന്നെങ്കിൽ കൊല്ലാതെ മറ്റെന്തെല്ലാം മാ‌ർഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പേര് വെളിപ്പെടുത്താൻ മടിച്ച സ്ത്രീകളുടെ ചോദ്യം.

അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ?

നാണക്കേടായിരുന്നു കാരണമെങ്കിൽ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ എന്നാണ് എല്ലാവരുടെയും ചോദ്യം. അമ്മത്തൊട്ടിലിൽ ആയിരുന്നെങ്കിൽ കുട്ടിയെ ജീവനോടെയെങ്കിലും കിട്ടുമായിരുന്നു. എത്രപേരുടെ ആഗ്രഹമാണ് ഒരുകുഞ്ഞ്. അവൾ കൊന്നതാണെങ്കിൽ തക്ക ശിക്ഷ നൽകണം. ചാപിള്ളയാണെങ്കിൽ മൃതദേഹം ഇത്തരത്തിൽ ഉപേക്ഷിച്ചതിനുള്ള ശിക്ഷയും നൽകണമെന്നാണ് ആവശ്യം. കുഞ്ഞിന്റെ മൃതദേഹം വീണ സ്ഥലത്ത് ചോരപ്പാടുകൾ പതിഞ്ഞുകിടക്കുന്ന കാഴ്ചകണ്ടവരുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.