കൊച്ചി: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ മാസങ്ങൾക്ക് മുമ്പേ ആരംഭിച്ച് കൊച്ചി കോർപ്പറേഷൻ. കഴിഞ്ഞ വർഷങ്ങളിലുണ്ടായ വെള്ളക്കെട്ട് മുന്നിൽക്കണ്ടാണ് മുൻകൂറായി നടപടി.
കഴിഞ്ഞവർഷം എം.ജി റോഡിലടക്കം മഴക്കാലത്ത് കാന നിറഞ്ഞൊഴുകി ജനങ്ങൾ ദുരിതത്തിലായിരുന്നു. ജൂണോടെ മഴയെത്തുമ്പോൾ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികളാണ് കോർപ്പറേഷൻ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ സ്മാർട്ട് യന്ത്രങ്ങളും ഉടനെത്തും.
നഗരത്തിലെ കാനകളിലെയും തോടുകളിലെയും മാലിന്യങ്ങളും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തികൾ പകുതിയിലേറെ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
ചെറുതും വലുതുമായ കാനകളിലെയും തോടുകളിലെയും മാലിന്യങ്ങളും ചെളിയും നീക്കം ചെയ്യുന്നത് പുരോഗമിക്കുകയാണ്. കാനകൾ വൃത്തിയാക്കുന്ന പ്രവൃത്തികൾ ഈമാസം 10നകവും വലിയ തോടുകളിലെ പായലും ചെളിയും നീക്കൽ 20 നകവും പൂർത്തീകരിക്കും.
യോഗം ചേരും
മഴക്കാലപൂർവ ശുചീകരണം ഊർജിതമാക്കുന്നതിനായി ജില്ലാ കളക്ടർ, പൊലീസ് കമ്മിഷണർ എന്നിവരെ ഉൾപ്പെടുത്തി യോഗം ചേരും. ശേഷം എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. മഴക്കാലത്ത് പൊതുമരാമത്ത്, ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജോയിന്റ് ഇൻസ്‌പെക്ഷൻ ടീം രൂപീകരിക്കും. കൺട്രോൾ റൂമുകൾ ആരംഭിക്കും.
റെയിൽവേയ്ക്ക് കത്ത്
റെയിൽവേ നടത്തേണ്ട ജോലികൾ പൂർത്തിയാക്കാൻ നടപടിയെടുക്കാൻ കത്തുനൽകും. മഴക്കാലപൂർവ ശുചീകരണവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ നഗരസഭാ സെക്രട്ടറി, അഡിഷണൽ സെക്രട്ടറി, സൂപ്രണ്ടിംഗ് എൻജിനീയർ, എൻജിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
''വെള്ളക്കെട്ട് അതിരൂക്ഷമായ എം.ജി റോഡിലെ കാനകളുടെ പുനരുദ്ധാരണത്തിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല. ഈ പ്രവൃത്തി അടിയന്തരമായി ഏറ്റെടുത്ത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.ആർ.എൽ എം.ഡിക്ക് കത്ത് നൽകും. മുല്ലശേരി കനാൽ, കമ്മട്ടിപ്പാടം എന്നിവിടങ്ങളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മഴക്കാലത്തിന് മുമ്പായി പൂർത്തിയാക്കാൻ ഇറിഗേഷൻ വകുപ്പിന് കത്തുനൽകും.
അഡ്വ.എം. അനിൽകുമാർ
മേയർ