മൂവാറ്റുപുഴ: ചുട്ടുപൊള്ളുന്ന വേനലിന്റെ പശ്ചാത്തലത്തിൽ മൂവാറ്റുപുഴയിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഉന്നതതല യോഗം വിളിക്കാൻ അധികൃതർ അടിയന്തിരമായി തയ്യാറാകണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു. റവന്യൂ, ജല അതോറിട്ടി​, മൈനർ ,മേജർ ഇറിഗേഷൻ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കെ.എസ്.ഇ.ബി, കൃഷി എന്നീ വകുപ്പ് തല ഉദ്യോഗസ്ഥരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരെയും ഉൾപ്പെടുത്തി യോഗം ചേരണം.

നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കോളനികളിലും ഉയർന്ന പ്രദേശങ്ങളിലും നൂറ് കണക്കിന് കുടുംബങ്ങൾ പ്രതിഷേധത്തിലാണ്. ജല അതോറിറ്റി നൽകുന്ന കുടിവെള്ളം ശുദ്ധീകരിക്കാത്തതാണ് എന്നും പരാതിയുണ്ട്. വരൾച്ചയെ തുടർന്ന് പമ്പിംഗ്സ്റ്റേഷനുകളിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. വെള്ളം ശുദ്ധീകരിക്കുന്ന നടപടികൾ പേരിനു മാത്രമായി മാറി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തനത് ഫണ്ട് ഇല്ലാത്തത് ടാങ്കറുകൾ വഴിയുള്ള ജലവിതരണത്തെയും അവതാളത്തിലാക്കി.ജില്ലയുടെ കിഴക്കൻ മേഖലയിലെ ആയിരക്കണക്കിന് കർഷകർ വലിയ പ്രതിസന്ധിയിലാണ്. കിണറുകൾ വറ്റിയതോടെ സ്വന്തം സ്ഥലത്തെ ജലസേചനവും നിലച്ചു. കനാലുകൾ വഴിയുള്ള വെള്ളം വഴി​ നിശ്ചിത പ്രദേശത്തെ കർഷകർക്കു മാത്രമാണ് പ്രയോജനം ലഭിക്കുന്നത്. താലൂക്ക് ആസ്ഥാനത്ത് നിന്ന്, ജനങ്ങൾക്ക് കുടിവെള്ളം ടാങ്കർ വഴി എത്തിക്കാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്നും എൽദോ എബ്രഹാം ആവശ്യപ്പെട്ടു.