കൊച്ചി: പി.ബി. ചലഞ്ചേഴ്‌സിന്റെ നേതൃത്വത്തിൽ സോൾസ് ഒഫ് കൊല്ലം, റോയൽ റണ്ണേഴ്‌സ് കാലിക്കറ്റ് എന്നീ ക്ലബുകളുടെ സഹകരണത്തോടെ ഓൾ കേരള അടിസ്ഥാനത്തിൽ നടക്കുന്ന മൺസൂൺ ഗ്രാൻഡ് പ്രീ ഓട്ട മത്സരങ്ങളുടെ 15 കിലോമീറ്റർ മെഗാ ഫൈനൽ മത്സരം നാളെ കാക്കനാട് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 190 പേരാണ് ഫൈനലിൽ മത്സരിക്കുന്നത്. വിജയികൾക്കായി ഒരുലക്ഷം രൂപയുടെ ക്യാഷ് അവാർഡ് നൽകും. രാവിലെ കാക്കനാട് ഇൻഫോപാർക്ക് എക്സ്‌പ്രസ് വേയിൽ നിന്നാരംഭിച്ച് തിരിച്ചെത്തുന്ന തരത്തിലാണ് മത്സരം. 15 കിലോമീറ്റർ ഫൈനൽ മത്സരത്തിന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷ്ണർ ഒഫ് പൊലീസ് സുദർശൻ കെ.എസ്. ഫ്‌ളാഗ് ഓഫ് ചെയ്യും. തുടർന്നു നടക്കുന്ന സമ്മാനദാന ചടങ്ങിൽ തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ രാധാമണിപിള്ള മുഖ്യാതിഥിയായിരിക്കും.