പറവൂർ: ഐസ് കയറ്റിവന്ന പിക്കപ് വാൻ മൂത്തകുന്നം - മാല്യങ്കര റോഡിൽ തറയിൽ കവല പപ്പടവളവിന് സമീപത്തായി മറിഞ്ഞു. ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം. വളവ് തിരിച്ചപ്പോൾ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. വാഹനത്തിൽ മൂന്ന് പേരുണ്ടായിരുന്നു. ഡ്രൈവറുടെ കൈയ്ക്ക് ചെറിയ പരിക്കുണ്ട്. മറ്റു രണ്ട് പേർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വീതികുറഞ്ഞ മൂത്തകുന്നം - മാല്യങ്കര റൂട്ടിലൂടെ മത്സ്യവും മറ്റും കയറ്റി വരുന്ന വാഹനങ്ങൾ അമിതവേഗത്തിൽ ചീറിപ്പായുന്നത് പതിവാണ്. മുനമ്പം ഹാർബറിൽ നിന്നുള്ള മത്സ്യവുമായി വിവിധ ചന്തകളിലേക്കുള്ള ഓട്ടപ്പാച്ചിലാണ് പുലർച്ചെ മുതൽ ഉണ്ടാകുന്നത്. ഒട്ടേറെ വളവും തിരിവുമുള്ള വഴിയിലൂടെ വലിയ കണ്ടെയ്നർ ലോറികളും പോകുന്നുണ്ട്. വാഹനങ്ങളിൽ നിന്നുള്ള മലിനജലം റോഡിൽ വീഴുന്നത് ഇരുചക്രവാഹന യാത്രികരെ അപകടത്തിൽപ്പെടുത്തുന്നു. ഇന്നലെ പിക്കപ് വാൻ മറിയുന്നതിന് അര മണിക്കൂർ മുമ്പ് പപ്പടവളവിന് സമീപം തന്നെ ഒരു ഇരുചക്രവാഹന യാത്രികൻ തെന്നിവീണു.