asp
സ്ഫോടനത്തിനുശേഷം പാറമടയിലെത്തിയ എ.എസ്.പിയുമായി നാട്ടുകാർ സംസാരിക്കുന്നു

* പൊലീസിന് വീഴ്‌ചയുണ്ടായോയെന്ന് പരിശോധിക്കും

അങ്കമാലി: പൊലീസ് പിടിച്ചെടുത്ത പടക്കശേഖരം മൂക്കന്നൂർ മഞ്ഞിക്കാട് ഉപയോഗിക്കാതെ കിടക്കുന്ന പാറമടയിൽ കത്തിച്ചപ്പോഴുണ്ടായ വൻസ്ഫോടനം പ്രദേശവാസികളെ പരിഭ്രാന്തരാക്കി. ഭൂകമ്പമാണെന്നുകരുതി ചിലർ വീടുകളിൽനിന്ന് ഇറങ്ങിയോടി. പാറമടയുടെ സമീപമുള്ള നിരവധി വീടുകളുടെ അടിത്തറകൾക്കും ഭിത്തികൾക്കും വിള്ളൽവീണു. ചില വീടുകളുടെ ജനൽച്ചില്ലുകൾ പൊട്ടിയിട്ടുണ്ട്. നൂറ്റമ്പതോളം വീടുകൾക്ക് കേടുപാടുണ്ടായെന്ന് പ്രദേശവാസികൾ പറയുന്നു.

ബോംബ് ഡിറ്റക്‌ഷൻ ആൻഡ് ഡിസ്പോസൽ സ്ക‌്വാഡിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ആറോടെയാണ് പടക്കശേഖരം കത്തിച്ചുകളയുന്ന നടപടി തുടങ്ങിയത്. ചൈനീസ് പടക്കങ്ങളും കമ്പിത്തിരി, മത്താപ്പ് പോലുള്ള പടക്കങ്ങളും രണ്ടുപ്രാവശ്യമായി നിർവീര്യമാക്കി. ഗുണ്ട് ഉൾപ്പെടെയുള്ളവ പത്തോടെ കത്തിച്ചപ്പോഴാണ് വൻസ്ഫോടനവും ഭൂമികുലുക്കവും ഉണ്ടായത്. വേണ്ടത്ര മുൻകരുതലെടുക്കാതെയും നാട്ടുകാരെ അറിയിക്കാതെയുമായിരുന്നു നടപടിയെന്നും പൊലീസിന്റെ അനാസ്ഥയാണിതെന്നും നാട്ടുകാർ ആരോപിച്ചു.

തന്റെ വീടിന്റെ ഓടുകൾ ഇളകിവീണതായി ഷാജി പാറയിലും ശബ്ദംകേട്ടപ്പോൾ വൻ ഭൂകമ്പമാണെന്നു കരുതിയതായി മാടശേരി ജോസ്, മാർട്ടിൻ ജോർജ് എന്നിവരും പറഞ്ഞു. കുറേശേ പൊട്ടിച്ചുകളയേണ്ടവ ഒരുമിച്ചു പൊട്ടിച്ചതുകൊണ്ടാണ് ശക്തമായ കുലുക്കം അനുഭവപ്പെട്ടതെന്നാണ് ആരോപണം.

പടക്കനിർമ്മാതാക്കളിലും വില്പനക്കാരിൽനിന്നും പിടിച്ചെടുത്ത ഗുണ്ട് ഉൾപ്പെടെയുള്ള അനധികൃത പടക്കങ്ങൾ സ്റ്റേഷനുകളിൽ കുന്നുകൂടിയതിനെത്തുടർന്ന് പൊലീസ് കോടതിയിൽ അപേക്ഷനൽകിയിരുന്നു. ഇത് അംഗീകരിച്ച കോടതി പടക്കശേഖരം കത്തിച്ചുകളയാൻ അനുമതി നൽകിയിരുന്നു.

നാശനഷ്ടങ്ങൾക്കും പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയതിനും ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്ന്ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. എ.ഡി.എം ആശ സി. എബ്രഹാമിന്റെ നേതൃത്വത്തിൽ നടത്തിയചർച്ചയെത്തുടർന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജനങ്ങൾ പിരിഞ്ഞത്.

നാശനഷ്ട‌ം സംഭവിച്ചിട്ടുള്ളവർ തിങ്കളാഴ്‌ചയ്ക്കുള്ളിൽ വില്ലേജ് ഓഫീസുകളിൽ പരാതി നൽകണം. വില്ലേജ് ഓഫീസറും പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്‌ഥരും വാർഡും മെമ്പർമാരും ഉൾപ്പെടുന്ന സംഘം വീടുകൾ സന്ദർശിച്ച് നഷ്ടം വിലയിരുത്തും. തഹസിൽദാർ വഴി കളക്‌ടർക്ക് ലഭിക്കുന്ന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. പൊലീസിന് വീഴ്‌ചസംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ഭാവിയിൽ ഇത്തരം സ്ഫോടനങ്ങൾ നടത്തുമ്പോൾ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾവഴി ജനങ്ങളെ അറിയിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എ.ഡി.എം പറഞ്ഞു.

ബെന്നി ബഹനാൻ എം.പി, പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി ജോയി, ബിജു പാലാട്ടി, സി.പി.എം ഏരിയസെക്രട്ടറി കെ.കെ. ഷിബു, വാർഡ് മെമ്പർ പി.വി. മോഹനൻ തുടങ്ങിയവർ സ്‌ഥലത്തെത്തി.