കോലഞ്ചേരി: ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ കൊട്ടിഘോഷിച്ച് ആരംഭിച്ച എസ്.വി .ഇ.പി പദ്ധതി പ്രതിസന്ധിയിൽ. ഗ്രാമീണ മേഖലയിൽ ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് ഓൻട്രപ്രണർഷിപ്പ് പ്രോഗ്രാമിന്റെ നടത്തിപ്പാണ് പ്രതിസന്ധിയിലായത്. സംസ്ഥാനത്ത് ആദ്യമായി വടവുകോട് ബ്ലോക്കിലും പത്തനംതിട്ട ജില്ലയിലെ പറക്കോട് ബ്ലോക്കിലുമാണ് പദ്ധതി നടപ്പാക്കിയത്. 2021 വരെ നീണ്ട ഒന്നാം ഘട്ടത്തിൽ 2129 മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ സംരംഭങ്ങളാണ് വടവുകോട് ബ്ലോക്കിൽ നടപ്പാക്കിയത്. ഈ ഘട്ടത്തിൽ 991 സംരംഭങ്ങൾക്കായി 4,63,05000 രൂപ കമ്മ്യൂണി​റ്റി എന്റർപ്രൈസ് ഫണ്ടായും ബ്ലോക്കിൽ നൽകിയിരുന്നു. 2021 മാർച്ചിൽ പദ്ധതിയുടെ കാലാവധി അവസാനിച്ചപ്പോൾ സംരംഭങ്ങളുടെ പുനഃപ്രവർത്തനത്തിനായി 2.5 കോടി രൂപ രണ്ട് ബ്ലോക്കുകൾക്കും അനുവദിച്ചിരുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനവും കോലഞ്ചേരിയിൽ നടത്തിയിരുന്നു. എന്നാൽ പിന്നീട് തുടർ പ്രവർത്തനങ്ങൾ നിലക്കുകയായിരുന്നു. എസ്.വി ഇ പി ചുമതലയുള്ള ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വരുത്തിയ വീഴ്ചയാണ് ഇക്കാര്യത്തിൽ തിരിച്ചടിയായെതെന്നാണ് ആരോപണം. ഇതോടെ പദ്ധതിക്ക് കീഴിലാരംഭിച്ച ഗാർമെന്റ്‌സ് യൂണിറ്റിന്റെ നടത്തിപ്പടക്കം പ്രതിസന്ധിയിലായി. പദ്ധതി നടത്തിപ്പ് അവതാളത്തിലായതോടെ ഇതിന് കീഴിൽ പ്രവർത്തിച്ചിരുന്ന മൈക്രോ എന്റർപ്രൈസസ് കൺസൽട്ടന്റുമാരുടെ ഹോണറേറിയമടക്കം പ്രതിസന്ധിയിലായി. ഇതു സംബന്ധിച്ച് പരാതി ഉയർന്നതോടെ കുടുംബശ്രീ ഔദ്യോഗീക തലത്തിൽ നടത്തിയ ഇടപെടലുകളും വിജയം കണ്ടില്ല. ഇതോടെ എം.ഇ.സിമാർ പലരും തൊഴിൽ തന്നെ അവസാനിപ്പിച്ച മട്ടാണ്. ദാരിദ്റ്യ നിർമാർജനത്തിലും സംരംഭകത്വ വികസനത്തിലും സംസ്ഥാനത്തിന് തന്നെ മാതൃകയായ വടവുകോട് ബ്ലോക്കിലെ പദ്ധതിയാണ് ഉദ്യോഗസ്ഥ അനാസ്ഥ മൂലം പ്രതിസന്ധിയിലായത്. ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് വകുപ്പ് മന്ത്റിക്കടക്കം പരാതി നൽകിയിട്ടുണ്ട്.