കൊച്ചി: വീട്ടിലെ കുളിമുറിയിൽ താൻ ആരുമറിയാതെ പ്രസവിച്ച കുഞ്ഞിന്റെ കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വായും മൂക്കും ചേർത്ത് തുണികൊണ്ട് മൂടി വരിഞ്ഞുമുറുക്കിയെന്ന് 23കാരി പൊലീസിനോട് വെളിപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷമാണ് കവറിൽ പൊതിഞ്ഞത്. ആരും കാണാതെ ഒളിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ അമ്മയെത്തി കതകിൽ തട്ടിയതോടെ സമ്മർദ്ദത്തിലായതാണ് ബാൽക്കെണിയിൽ നിന്ന് പുറത്തേക്ക് എറിയാൻ കാരണം. വെപ്രാളത്തിൽ ലക്ഷ്യം തെറ്റി റോഡിൽ വീഴുകയായിരുന്നു.

ഗർഭം പുറത്തറിയാതിരിക്കാൻ വലിപ്പംകൂടിയ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അധികം പുറത്തുപോയിരുന്നില്ല. മകൾ പെട്ടെന്ന് തടിച്ചത് അമ്മ ശ്രദ്ധിച്ചിരുന്നെങ്കിലും ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയായി നൽകിയില്ല.

ഇന്നും നാളെയുമായി പൊലീസ് യുവതിയുടെ അടുത്ത സുഹൃത്തുക്കളുടെ മൊഴിയെടുക്കും. യുവതിയുടെ ആരോഗ്യനില തൃപ്തികരമെങ്കിൽ ഇന്ന് കോടതിയിൽ ഹാജരാക്കും. അല്ലെങ്കിൽ മജിസ്‌ട്രേറ്റിനെ ആശുപത്രിയിൽ എത്തിച്ച് തുടർനടപടി പൂർത്തിയാക്കും.

യുവതി ഇതുവരെ പീഡന പരാതി നൽകിയിട്ടില്ല. യുവാവിനെക്കുറിച്ച് വ്യക്തമായ വിവരമുണ്ടെങ്കിലും പരാതിയില്ലാത്തതിനാൽ നിലവിൽ അന്വേഷണം നീട്ടിയിട്ടില്ല.