padam
എം.എ. കുഞ്ഞുമുഹമ്മദ്

കൊച്ചി: നഗരപ്രാന്തത്തിൽ രണ്ടിടത്തുണ്ടായ ബൈക്ക് അപകടങ്ങളിൽ രണ്ട് പേർ മരിച്ചു. എടയാർ മുതിരക്കാല വീട്ടിൽ എം.എ. കുഞ്ഞുമുഹമ്മദ് (60), എറണാകുളം അമ്മൻകോവിൽ റോഡിൽ പഴയിരിക്കൽ വീട്ടിൽ നിരഞ്ജൻ (18) എന്നിവരാണ് മരിച്ചത്.

പാനായിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ചാണ് പി.എച്ച്.സി ജീവനക്കാരനായ കുഞ്ഞുമുഹമ്മദ് മരിച്ചത്. ഉച്ചയ്ക്ക് മേത്താനം പാനായിക്കുളം റോഡിലായിരുന്നു അപകടം. കരിങ്ങാംതുരുത്ത് ആരോഗ്യകേന്ദ്രത്തിലെ സ്വീപ്പറായ കുഞ്ഞുമുഹമ്മദ് വീട്ടലേക്ക് പോകുന്നതിനിടെ എതിരെവന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരക്കേറ്റ കുഞ്ഞുമുഹമ്മദ് തൽക്ഷണം മരിച്ചു. ഭാര്യ: പരേതയായ സബിത. മക്കൾ: വാസിദ്, സാബിത്ത്, ഫായിദ്. മരുമക്കൾ: റഹ്മത്ത്, സുമി.

എറണാകുളം കണ്ടെയ്‌നർ റോഡ് പൊന്നാരിമംഗലം ടോളിന് സമീപംരാത്രി 7.30നുണ്ടായ അപകടത്തിലാണ് നിരഞ്ജൻ മരിച്ചത്. ബന്ധുവുമൊത്ത് പിഴലയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മുന്നിലെ വാഹനം വേഗത കുറച്ചതോടെ സഡൻ ബ്രേക്കിട്ട ബൈക്കിന്റെ പിന്നിലിരുന്ന നിരഞ്ജൻ റോഡിലേക്ക് തെറിച്ചുവീഴുകയും മറ്റൊരു വാഹനംകയറി തത്ക്ഷണം മരിക്കുകയുമായിരുന്നു. കണ്ടെയ്‌നർ ലോറി കയറിയാണ് മരണമെന്ന് പൊലീസ് സംശയിക്കുന്നു.

സി.സി.ടിവി ദൃശ്യം ശേഖരിച്ച് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബൈക്ക് ഓടിച്ച ബന്ധുവിന് പരിക്കില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. നടപടികൾ പൂർത്തിയാക്കി രാവിലെ ബന്ധുക്കൾക്ക് കൈമാറും. സംസ്‌കാരം പിന്നീട്. അച്ഛൻ: രാജേഷ്. അമ്മ: മായ.